തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ നിയമസഭയിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്. പൗരത്വനിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ പൗരത്വ നിയമത്തിനായി വാദിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ബിജെപി പിന്തുണയ്ക്കും. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന എല്‍ഡിഎഫിനേയും യുഡിഎഫിനേയും രാഷ്ട്രീയമായി വിമര്‍ശിക്കാനും മാര്‍ച്ച് ബിജെപി ആയുധമാക്കും.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് നിയമസഭാ പരിസരത്ത് പൊലീസ് ഒരുക്കുന്നത്. പൗരത്വ നിയമത്തില്‍ സര്‍ക്കാരും പ്രതിപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം എങ്ങനെ പൂര്‍ത്തിയാക്കും എന്ന ആകാംക്ഷ സഭയ്ക്ക് അകത്ത് നില്‍ക്കുന്നതിനിടെ പുറത്ത് ബിജെപി മാര്‍ച്ചും കൂടി എത്തുന്നതോടെ നിയമസഭയാവും ഇന്ന് കേരളത്തിന്‍റെ വാര്‍ത്താകേന്ദ്രം.