നിയമസഭ തെരഞ്ഞെടുപ്പിനായി മിഷൻ കേരളയുമായി ബിജെപി രംഗത്ത്. 40 സീറ്റുകൾ ലക്ഷ്യമിടുന്ന പാർട്ടി, 15 സീറ്റുകളിൽ ശക്തമായ മത്സരത്തിന് തയ്യാറെടുക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക
തിരുവനന്തപുരം: യുഡിഎഫിനും ഇടതുമുന്നണിക്കും പിന്നാലെ മിഷൻ കേരളയുമായി ബിജെപിയും. നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റാണ് ലക്ഷ്യം. 15 സീറ്റുകളിൽ കടുത്ത പോരിനാണ് ബിജെപി തയ്യാറെടുക്കുന്നത്. തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാൻ ബിജെപി നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് നീക്കം.
ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനിൽ ചേർന്നിരുന്നു. അതിൽ മിഷൻ കേരളയും ചർച്ചയായി. 40 സീറ്റിൽ ഫോക്കസ് ചെയ്താണ് ബിജെപി മുന്നോട്ടുപോകുന്നത്. അതിശക്തമായ മത്സരത്തിന് 15 ഇടത്തെ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കും. എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കാത്ത വിധത്തിൽ കറുത്ത കുതിരകളാകുക എന്നതാണ് ബിജെപിയുടെ മിഷൻ.
അമിത് ഷാ ജനുവരി 11ന് എത്തും
നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാൻ കൂടിയാണ് അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുൻപേ അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബിജെപി കോർ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. മോദിയെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബിജെപി പിന്തുടരുക. മോദിയെ മുഖമാക്കുന്നതിലൂടെ അക്കൗണ്ട് തുറക്കുന്നതിനപ്പുറം കൂടുതൽ സീറ്റുകൾ നേടാം എന്നതാണ് ബിജെപിയുടെ പ്രതീക്ഷ.



