Asianet News MalayalamAsianet News Malayalam

മന്നം ജയന്തി ട്വീറ്റുകൾ പ്രതീക്ഷ, എൻഎസ്എസ്സിനെ പിടിക്കാൻ ബിജെപി, വഴങ്ങുമോ സുകുമാരൻ നായർ?

എൻഎസ് എസ് കൂടി ഒപ്പമുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേക്കുമെന്നാണ് പാർട്ടിയിലെ മുതിർന്ന പല നേതാക്കളുടേയും കണക്കുകൂട്ടൽ.

bjp moves for nair service society sukumaran nair support
Author
Thiruvananthapuram, First Published Jan 19, 2021, 1:20 PM IST

തിരുവവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ എൻഎസ്എസിനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കവേ വലിയ പ്രതീക്ഷകൾ ഇത്തവണ വെച്ചുപുലർത്തുണ്ടെങ്കിൽ കൂടിയും സാമുദായിക സംഘടനകളെ ഒപ്പം നിർത്താതെ കേരളം പിടിക്കാനാകില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ പലവട്ടം അതിനുള്ള ശ്രമങ്ങളും നടത്തിയെങ്കിലും കാര്യമായ വിജയം കണ്ടിരുന്നില്ല. 

ഹിന്ദു-ഈഴവവിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിഡിജെഎസിനെ എൻഡിഎയിലെത്തിച്ച് ഘടകകക്ഷിയാക്കിയെങ്കിലും വലിയ നേട്ടമുണ്ടാക്കിയില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു പ്രബല സംഘടനയായ എൻഎസ്എസിനെ ഒപ്പം നിർത്താനാണ് ബിജെപിയുടെ ശ്രമം. എൻഎസ് എസ് കൂടി ഒപ്പമുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേക്കുമെന്നാണ് പാർട്ടിയിലെ മുതിർന്ന പല നേതാക്കളുടേയും കണക്കുകൂട്ടൽ. എൻഎസ്എസ് ആവശ്യം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് ഇറക്കിയ സമയത്ത് തന്നെയാണ് ബിജെപിയുടെയും നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്. 

മുന്നോക്കക്കാരിലെ പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണത്തോടെ കേന്ദ്ര സർക്കാറുമായി എൻഎസ് എസ് അടുത്തുവെന്നാണ് ബിജെപി വിലയിരുത്തൽ. അതിനിടെയാണ് ഇത്തവണ മന്നം ജയന്തി ദിനത്തൽ ആശംസ അർപ്പിച്ചുള്ള മോദിയുടേയും ഷായുടേയും ട്വീറ്റുകൾ വന്നത്. നന്ദി അറിയിച്ച് കത്തയച്ച സുകുമാരൻ നായർ സംഘടനയുടെ മുഖമാസിക സർവ്വീസിൻറെ മുഖപ്രസംഗത്തിൽ ഇരുവരുടേയും ട്വീറ്റുകളും ചേർത്തു. ഈ അനുകൂല അന്തരിക്ഷം എൻഎസ് എസിനെ ഒപ്പമെത്തിക്കുന്നതിലേക്ക് എത്തിക്കാനാണ് ബിജെപി ശ്രമം. 

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ എൻഎസ് എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാനാണ് പാ‍ർട്ടി ശ്രമം. എന്നാൽ അടുത്തിടെ രാഷ്ട്രീയനേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് അവസരം നൽകാതെ മാറിനിൽക്കുന്ന സുകുമാരൻ നായർ പ്രധാനമന്ത്രിക്കായി വാതിൽ തുറക്കുമോ എന്നുള്ളതും സമദൂരം വിടുമോ എന്നുള്ളതുമാണ് പ്രധാനം. മുഖമാസികയിലെ ലേഖനം ചർച്ചയായതോടെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ചതിൽ രാഷ്ട്രീയം കാണേണ്ട എന്നാണ് എൻഎസ്എസ് പ്രതികരണം. 

Follow Us:
Download App:
  • android
  • ios