ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'മോദിയുടെ ഗ്യാരണ്ടി' മുഖ്യ ടാഗ് ലൈനാക്കാനാണ് നീക്കം. മോദിയുടെ സന്ദർശനത്തിന് ശേഷം ചേർന്ന നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ ഗ്യാരണ്ടി പ്രസംഗത്തിന് ഊന്നൽ നൽകാനൊരുങ്ങി ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'മോദിയുടെ ഗ്യാരണ്ടി' മുഖ്യ ടാഗ് ലൈനാക്കാനാണ് നീക്കം. മോദിയുടെ സന്ദർശനത്തിന് ശേഷം ചേർന്ന നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സർക്കാർ നേട്ടങ്ങള്‍ ഉയർത്തിക്കാട്ടാനുള്ള മികച്ച പ്രയോഗം എന്ന് വിലയിരുത്തിയാണ് ഈ നീക്കം.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് മോദിയുടെ ഗ്യാരണ്ടിയെന്ന് സദസ്സിനെക്കൊണ്ട് ഏറ്റുപറയിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇന്നലെ മഹിളാ സമ്മേളന വേദി കൈയ്യിലെടുത്തത്. 'കേരളത്തിലെ എന്‍റെ അമ്മമാരേ സഹോദരിമാരെ' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്താണ് സ്ത്രീശക്തി മോദിക്കൊപ്പമെന്ന മഹിളാ സമ്മേളന പ്രസംഗം മോദി തുടങ്ങിയത്. പത്ത് കോടി ഉജ്ജ്വല ഗ്യാസ് കണക്ഷന്‍, പന്ത്രണ്ട് കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം, നിയമ സഭകളിലും പാര്‍ലമെന്‍റിലും വനിതാ സംവരണം തുടങ്ങി മോദിയുടെ ഉറപ്പുകള്‍ അക്കമിട്ട് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രസംഗം. ഈ ഉറപ്പുകള്‍ സദസ്സിനെക്കൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി. 'മോദിയുടെ ഗ്യാരണ്ടി' ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വിഷയമാക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരുങ്ങുന്നത്.

Also Read: 'മോദി ഗ്യാരണ്ടി ' കേരളത്തിൽ നടപ്പില്ല, മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ലെന്ന് കെ.മുരളീധരന്‍

YouTube video player