തിരുവനന്തപുരം: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു സംബന്ധിച്ച് ഓരോദിവസവും പുതിയ വവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പിട്ടിട്ടുണ്ടെന്ന് വേണം കരുതാനെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഎം നേതാക്കളുള്‍പ്പെട്ട തട്ടിപ്പു സംബന്ധിച്ച് സംസ്ഥാന പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് കരുതാനാവില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുരേന്ദ്രന്‍ പ്രസ്താവന

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടറും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ വി എ സിയാദിന്‍റെ ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. തന്‍റെ ആത്മഹത്യക്ക് ഉത്തരവാദി സിപിഎം നേതാക്കളാണെന്ന് സൂചിപ്പിക്കുന്ന സിയാദിന്‍റെ ഡയറിക്കുറിപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷണ വിധേയമാക്കണം.

തന്‍റെ മരണത്തിന് ഉത്തരവാദികള്‍ സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി.ആര്‍.ജയചന്ദ്രന്‍, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാര്‍ എന്നിവരുമാണെന്നാണ് സിയാദ് എഴുതിയിരിക്കുന്നത്. സിയാദ് സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് ഗൗരവതരമാണ്. അതിനാല്‍തന്നെ കേസ് അന്വേഷണത്തെക്കുറിച്ച് ആശങ്കയുണ്ട്.

ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് നടത്തിയ എറണാകുളം കളക്‌ട്രേറ്റിലെ ക്ലര്‍ക്ക് നിരവധി അക്കൗണ്ടുകളിലേക്ക് പണം മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. തട്ടിപ്പ് സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തിയാലെ ഇതും സാധ്യമാകൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക