സ്വപ്ന സുരേഷിന്റെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  കാറിൽ നിന്ന് ഇറങ്ങിയ എംഎൽഎ പ്രതിഷേധക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധവും പിന്നാലെ കാറില്‍ നിന്നിറങ്ങി അദ്ദേഹം തര്‍ക്കിക്കുന്നതിന്‍റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരം ആണ്ടൂർകോണത്ത് വച്ച് വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ കടകംപള്ളിയെ കരിങ്കൊടി കാണിക്കുകയായിരുന്നു. മുന്ന് ബിജെപി പ്രവർത്തകരാണ് കരിങ്കൊടിയുമായി എത്തിയത്. 

സ്വപ്ന സുരേഷിന്റെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാറിൽ നിന്ന് ഇറങ്ങിയ എംഎൽഎ പ്രതിഷേധക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. പൊലീസ് എത്തി പ്രതിഷേധക്കാരെ പിടികൂടിയെങ്കിലും എംഎൽഎയുടെ നി‍ർദ്ദേശപ്രകാരം വിട്ടയച്ചു. പൗഡിക്കോണത്ത് സിഎസ്ഐ പള്ളിയുടെ തീർത്ഥാടന കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കടകംപള്ളി.

ഇടപെടല്‍ ആവശ്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെന്നും വീഡ‍ിയോയില്‍ കടകംപള്ളി പൊലീസിനോട് പറയുന്നുണ്ട്. സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കികൂടെയെന്ന് ഇതിനിടെ ഒരു ബിജെപി പ്രവര്‍ത്തകന്‍ ചോദിച്ചു. വേണ്ട അനിയാ... ആരോപണം എങ്ങനെ നേരിടണമെന്ന് തനിക്കറിയാം. നിങ്ങള് പ്രതിഷേധിച്ചോ, ഒരു കുഴപ്പവുമില്ലെന്ന് കടകംപള്ളി ബിജെപിക്കാരോട് പറഞ്ഞു. തനിക്കെതിരെയുള്ള അപവാദങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകന്‍റെ നമ്പര്‍ തന്നാല്‍ അത് അയച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു.

ഈ നാട്ടില്‍ പൊലീസിന്‍റെ സഹായം ആവശ്യമില്ല. ഈ ജംഗ്ഷനില്‍ ഇരിക്കും. ഈ നാട്ടുകാരോട് തനിക്ക് പറയാനുണ്ട്. അങ്ങനെയൊന്നും പേടിപ്പിക്കല്ലേയെന്നും ബിജെപി പ്രവര്‍ത്തകരോട് കടകംപള്ളി പറഞ്ഞു. സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം കടകംപള്ളി സുരേന്ദ്രൻ നേരത്തെ നിഷേധിച്ചിരുന്നു. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും അദ്ദേഹം ആരോപിച്ചു. 

YouTube video player

'സ്വപ്ന കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീ'; ലൈംഗികാരോപണം തള്ളി കടകംപള്ളി സുരേന്ദ്രനും