തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത്  ബിജെപി ഇന്ന് കരിദിനമാചരിക്കും. സംസ്ഥാനത്തെ 10 ലക്ഷം വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ചും വാർഡ് തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയിലേക്കും വിശ്വസ്തരിലേക്കും അന്വേഷണം നീങ്ങിയിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തത് കേരള സമൂഹത്തിന് നാണക്കേടാണെന്നും വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

അതേസമയം, കൺസൾട്ടൻസി കരാറുകളിലെ ചട്ടലംഘനത്തിൽ തുടങ്ങി സ്വര്‍ണക്കടത്ത് കേസുവരെയുള്ള ആക്ഷേപങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന വാദം ശക്തമായിരിക്കെ പെരുമാറ്റ ചട്ടം ഉറപ്പാക്കാൻ സിപിഎം നടപടികള്‍ തുടങ്ങി.  എല്ലാ സിപിഎം മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം.

ഈ മാസം 23 നാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ നേരിട്ട് പങ്കെടുക്കും. അസാധാരണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി പെരുമാറ്റചട്ടം പാലിച്ചല്ല പല പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടേയും പ്രവര്‍ത്തനം എന്ന വിലയിരുത്തലിലാണ് സിപിഎം.

മന്ത്രിമാരുടെ ഓഫീസുകളിൽ  പാര്‍ട്ടി പ്രതിനിധികളെ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും എതിരെ ജാഗ്രത പാലിക്കാനോ പാര്‍ട്ടി വേദികളിൽ യഥാസമയം ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനോ പലരും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രിയുടെ മാത്രമല്ല മറ്റ് മന്ത്രിമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ചും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ഭാഗത്തുനിന്ന് വീഴകളുണ്ടായിട്ടുണ്ടെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്.