മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നതെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിക്കും പണം നൽകിയതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
തിരുവനന്തപുരം: വലിയ വാഗ്ദാനം നൽകിയാണ് വിഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയതെന്നും രാഷ്ട്രീയ അഴിമതി നടന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സർവീസും നൽകാതെ കാശ് കിട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അവിടെ ഒരു കൊള്ള നടന്നു. കൊള്ളയ്ക്ക് പിന്നിൽ ക്രിമിനൽസ് ഉണ്ട്. പക്ഷേ ഇതുവരെ സർക്കാർ എക്‌സാ ലോജിക്കിൽ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേസിൽ എഫ്ഐആർ ഇടുന്നില്ല. ഒരു നടപടിയും എടുക്കുന്നില്ല. അത് എന്തുകൊണ്ടെന്ന് ജനങ്ങൾ ചോദിക്കുന്നു. കർത്തയുടെ ഡയറിയിൽ ഇന്നത്തെ മുഖ്യമന്ത്രിക്കും കാശ് കൊടുത്തിട്ടുണ്ടോ എന്നും സംശയം. മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ വിശ്വാസികളുടെ ക്ഷേമത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. അയ്യപ്പന്റെ പേര് പറഞ്ഞ് പ്രചാരണം നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ് കോൺഗ്രസ് പാർട്ടി എന്തുകൊണ്ട് എഫ്ഐആർ ഇടുന്നില്ല. മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് സർക്കാർ പണം ചിലവാക്കിയിട്ടില്ലെങ്കിൽ ആരാണ് ചെലവാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പൊലീസ് എഫ്ഐആർ ഫയൽ ചെയ്യട്ടെ. പിണറായി വിജയനും മകൾക്കും എതിരെ കേസെടുത്തു അന്വേഷണം നടക്കട്ടെ. ബിജെപി നേതാക്കൾ ഉണ്ടെങ്കിൽ അവർക്കെതിരെയും എഫ്ഐആർ എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


