കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ വീഡിയോയുടെ പുറകെ നടക്കേണ്ട കാര്യവുമില്ല. പക്ഷേ ഇതിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മതേതരത്തെ സെലക്ടീവായി കാണരുത്. സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്തിയില്ല. ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് മുഖ്യമന്ത്രി പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെ കേസ്
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയില്‍ ഫോര്‍ട്ടു കൊച്ചി പൊലീസാണ് കേസെടുത്തത്. BNS 353(2), 192 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 22 ന് രാവിലെയാണ് ഇൻസറ്റഗ്രാമിൽ പോസ്റ്റിട്ടത്. ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയിൽ ബീഫ് വില്‍ക്കുന്നുണ്ടെന്നും ഒരു ന്യൂനപക്ഷ മതവിഭാഗം കൂടുതലായി പ്രദേശത്ത് താമസിക്കുന്നത് കൊണ്ടാണ് ഇതെന്നും വീഡിയോവിലുണ്ട്. ഗാന്ധിജിയുടെ പ്രതിമക്കൊപ്പം ജിന്നയുടെ പ്രതിമയും ഇവിടെയുണ്ടെന്ന് വീഡിയോവിൽ പറയുന്നു. ഈ പോസ്റ്റിന് കീഴിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകള്‍ വന്നുവെന്നും രണ്ട് മതവിഭാഗങ്ങള്‍ തമ്മിൽ വിദ്വേഷം ഉണ്ടാക്കാൻ ഇതിടയാക്കുമെന്നും കാട്ടി ജുഡ് വിപിൻ പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.








