കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

തിരുവനന്തപുരം: ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് നേടാനായില്ല. ശബരിമല വിഷയം ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന്‍റെ ഗുണം പാര്‍ട്ടിക്ക് കിട്ടിയില്ല. അതുകൊണ്ടുതന്നെ എല്ലായിടത്തും എത്തുക, എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് തുടക്കമാകുന്നത്. 

നിയമസഭാ ഉപതെരഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ സജ്ജമാക്കാനാണ് ശ്രമം. മിസ്ഡ്കോള്‍ വഴിയായിരിക്കും അംഗത്വം നല്‍കല്‍. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ലിങ്ക് വഴി വിവരങ്ങള്‍ ചേര്‍ത്ത് അംഗത്വ നടപടി പൂര്‍ത്തിയാക്കാം. സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി ശ്രീശന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് അംഗത്വ ക്യാംപയിനിന്‍റെ ചുമതല. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ‍്, എന്നിങ്ങനെ പൊതു ഇടങ്ങളില്‍ അംഗത്വ ക്യാംപയിനുള്ള കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 16 വരെയാണ് ക്യാംപയിന്‍.