തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം പ്രധാന പ്രചാരണ വിഷയമാക്കാനൊരുങ്ങി ബിജെപി. സിപിഎം തെറ്റ് സമ്മതിച്ച് വിശ്വാസികളെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ എങ്ങിനെ ശബരിമല വിട്ടുകളയുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ്  ശ്രീധരൻ പിള്ളയുടെ ചോദ്യം.

സിപിഎമ്മിന്‍റെ കുറ്റസമ്മതം വിശ്വാസികൾ തള്ളുമെന്ന് ശ്രീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീണ്ടും മോദി വന്നിട്ടും ശബരിമലക്ക് വേണ്ടി എന്ത് ചെയ്തുവെന്ന മറുചോദ്യത്തിന്, സംസ്ഥാന സര്‍ക്കാര്‍ അവശ്യപ്പെട്ടാല്‍ കേന്ദ്രം ഇടപെടുമെന്നാണ് ശ്രീധരൻ പിള്ളയുടെ മറുപടി.

ശബരിമല പ്രശ്നം കത്തിനിൽക്കെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സുവർണ്ണാവസരം ഉപയോഗിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. രാജ്യമാകെ മോദി തരംഗം ഉണ്ടായിട്ടും കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചു. സംസ്ഥാന ബിജെപിക്ക് ഇനിയെങ്കിലും തല ഉയർത്തിനിൽക്കണമെങ്കിൽ പാലായിൽ കരുത്ത് കാട്ടാതെ പറ്റില്ല. പാലായിലും പ്രധാന ആയുധം ശബരിമല വിഷയം തന്നെയാണ്. 

പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഈ മാസം 30ന് തീരുമാനമെടുക്കുമെന്ന് ശ്രീധരൻ പിള്ള നേരത്തെ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരിക്കൊപ്പം ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ ജി രാമൻ നായരുടെ പേരും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കുന്നുണ്ട്. പി സി തോമസിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ബിജെപി വിട്ടുവീഴ്ചക്കില്ലെന്നാണ് സൂചന. രാമപുരം, തലപ്പുലം, എലിക്കുളം, പഞ്ചായത്തുകളിൽ നല്ല സ്വാധീനമാണ് പാർട്ടിക്കുള്ളത്.

2016 ൽ മത്സരിച്ച ജില്ലാ പ്രസിഡന്‍റ് എൻ ഹരി 24 821 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലെ 7000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൂഞ്ഞാറിന്‍റെ ചില ഭാഗങ്ങൾ കൂടി ഉൾ മണ്ഡലത്തിൽ പി സി ജോർജ്ജിന്‍റെ പിന്തുണ കൂടി വരുമ്പോൾ പോരാട്ടം കടുപ്പിക്കാനാകുമെന്ന് തന്നെയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നാളെ പാലായിൽ ശ്രീധരൻ പിള്ള കൂടി പങ്കെടുക്കുന്ന പാർട്ടി യോഗമുണ്ട്. നാളയോ മറ്റന്നാളോ പാലയിലെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.