സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. .

പാലക്കാട്: ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ കാല് കുത്താൻ സമ്മതിക്കില്ലെന്ന് ബിജെപി. എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോപണ വിധേയനായ എംഎൽഎ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ വെളുപ്പിന് നാല് മണി മുതൽ ബിജെപി പ്രവ‍ർത്തകർ എംഎൽഎ ഓഫീസിന് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു. നാണംകെട്ട ഒരു എംഎൽഎ പാലക്കാടിന് വേണ്ടെന്ന് ബിജെപി പ്രവ‍ർത്തകർ പറഞ്ഞു.

സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. . സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎല്‍എ ഓഫീസിന് മുന്നില്‍ എത്തിയത്. ഓഫീസിനു മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം തുടങ്ങിയ വാചകങ്ങൾ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിന്‍റെ ഒരു ബോര്‍ഡും ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്.

എംഎൽഎ എത്തിയാൽ ഓഫീസിൽ കയറ്റില്ലെന്ന് ബിജെപി പ്രവർത്തക‍ർ പറഞ്ഞു. ഓഫീസ് താഴിട്ട് പൂട്ടാനുള്ള ബിജെപി പ്രവ‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകർ ഉപരോധവുമായി രംഗത്തെത്തി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലെതിരായ പ്രതിഷേധം നടത്താതെ പിന്നോട്ടുപോയ നടപടിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുലിനെതിരായ പ്രതിഷേധത്തിൽ നിന്ന് സിപിഎം എന്തുകൊണ്ട് പിന്നോക്കം പോയെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായതു കൊണ്ടാണ് സിപിഎമ്മിന്‍റെ പിൻവാങ്ങലെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ചോദിച്ചു.

'നാണംകെട്ട ഒരു എംഎൽഎ, പാലക്കാടിന് വേണ്ടേ വേണ്ട'; രാഹുലിനെതിരെ ബിജെപി പ്രതിഷേധം