കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികൾക്ക് നൽകുന്ന രണ്ട് മരുന്നുകളും തീർന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളാണ് തീർന്നത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർക്ക് നൽകാൻ മരുന്നില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. 

രണ്ട് ദിവസം മുമ്പ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാൻ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് ചികിത്സ തടസപ്പെട്ടിരുന്നു. അന്ന് ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമായിരുന്നു സ്റ്റോക്കില്ലാതിരുന്നത്. ഇപ്പോള്‍ രണ്ട് മരുന്നും തീര്‍ന്നതോടെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ഡോക്ടര്‍‍മാര്‍. കഴിഞ്ഞയാഴ്ച മൂന്ന് ദിവസത്തിന് ശേഷമാണ് മരുന്ന് എത്തിക്കാനായത്. അതുവരെ ആംഫോടെറിസന്‍ മരുന്ന് ഡോസ് ക്രമപ്പെടുത്തി രോഗികള്‍ക്ക് നല്‍കിയാണ് പ്രതിസന്ധി ഒരുപരിധിയെങ്കിലും പരിഹരിച്ചത്. ചുരുങ്ങിയത് 50 വയല്‍ മരുന്നെങ്കിലും അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona