Asianet News MalayalamAsianet News Malayalam

പച്ചക്കറി വണ്ടിയുടെ രഹസ്യ അറയിൽ ഒന്നേ മുക്കാൽ കോടി രൂപ: വയനാട്ടിൽ വൻ കള്ളപ്പണവേട്ട

ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഒന്നേ മുക്കാൽ കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തത്.

black money seized from wayanad
Author
Wayanad, First Published Jan 27, 2022, 11:25 PM IST

കൽപറ്റ: വയനാട്ടിൽ ഒന്നേമുക്കാൽ കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തു. മൈസൂരിൽ നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിലെ രഹസ്യ അറയിൽ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഒന്നേ മുക്കാൽ കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തത്. പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിലെ ഡാഷ് ബോർഡിനോട് ചേർന്നുളള രഹസ്യ അറയിലാണ് 500-ന്‍റെ നോട്ടുകെട്ടുകൾ ഒളിപ്പിച്ചു വെച്ചത്. കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ  എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മൈസൂരുവിൽ നിന്ന് കൊടുവള്ളിയിലേക്കാണ് ഇവർ പണം കൊണ്ടുവന്നത്. 

ഡ്രൈവർ ആറ്റകോയയോടൊപ്പം വാഹനത്തിൽ വരികയും പിന്നീട് ഗുണ്ടൽപേട്ടിൽ വച്ച് ബസ്സിൽ കയറി സംസ്ഥാനത്തേക്ക് കടക്കുകയും ചെയ്ത മുസ്തഫയെ ബത്തേരി ടൗണിൽവച്ചാണ് പൊലീസ് പിടികൂടിയത്. ഇതിനു മുന്പും സമാനമായ രീതിയിൽ സംഘം പണം കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഹവാല പണത്തിന്‍റെ ഉറവിടം, ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഒന്നേമുക്കാൽ കോടിരൂപയുമായി പിടിയിലായ രണ്ട് പ്രതികളെയും ഉടൻ കോടതിയിൽ ഹാജരാക്കും.
 

Follow Us:
Download App:
  • android
  • ios