മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ നിന്നും 36,47,000 രൂപയാണ് പിടികൂടിയത്.

കാസര്‍കോട്: മ‍ഞ്ചേശ്വരത്ത് ബസില്‍ നിന്ന് കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയാണ് പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ നിന്നും 36,47,000 രൂപയാണ് പിടികൂടിയത്.

പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. നേരത്തേയും ഇയാൾ രേഖകളില്ലാതെ പണം കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇത്തരത്തില്‍ കാസര്‍കോട്ടേക്ക് പണം കടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.

മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. വാഹനത്തില്‍ കടത്തുകയായിരുന്ന 1050 ലിറ്റര്‍ സ്പിരിറ്റാണ് ഇന്ന് പുലര്‍ച്ചെ പിടിച്ചത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പിരിറ്റ് കടത്തിയ വാഹനവും കസ്റ്റഡിയില്‍ എടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചത്. കര്‍ണാടകയില്‍ നിന്ന് സ്കോര്‍പിയോയില്‍ കടത്തിക്കൊണ്ട് വരികയായിരുന്നു. 35 ലിറ്ററിന്‍റെ 30 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

വാഹനമോടിച്ചിരുന്ന കുഞ്ചത്തൂര്‍ സ്വദേശി രവി കിരണ്‍ ആണ് അറസ്റ്റിലായത്. കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സാഹസികമായാണ് പൊലീസ് സ്പിരിറ്റ് കടത്ത് പിടികൂടിയത്.

അറസ്റ്റിലായ രവി കിരണ്‍ നേരത്തേയും എക്സൈസ് കേസില്‍ പ്രതിയാണ്. രക്ഷപ്പെട്ടയാളാണ് സ്പിരിറ്റ് കടത്തിന്‍റെ പ്രധാന കണ്ണിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ അടക്കമുള്ളവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം തുടരുന്നു.