'വീടുകളിൽ ലോ​ഗോ പതിക്കാനാവില്ല, തടഞ്ഞ 687 കോടി രൂപ വേ​ഗം അനുവദിക്കണം'; കേന്ദ്ര മന്ത്രിയെ കണ്ട് എം ബി രാജേഷ്

പിഎംഎവൈ അർബൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ വീടിനു മുന്നിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്ന് കേരളം

blocked Rs 687 crore should be released immediately MB Rajesh meets Union Minister

ദില്ലി: കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോൺക്ലേവിലേക്കും, മെയ് മാസത്തിൽ കൊച്ചിയിൽ നടക്കുന്ന അർബൻ കോൺക്ലേവിലേക്കും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടതായി എം ബി രാജേഷ് പറഞ്ഞു. 

പിഎംഎവൈ അർബൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ വീടിനു മുന്നിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്നും, ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് എന്നുമുള്ള  കേരള സർക്കാരിന്റെ നിലപാട്  മന്ത്രിയോട് ആവർത്തിച്ച് വ്യക്തമാക്കി. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചതായും എം ബി രാജേഷ് പറഞ്ഞു. 

അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കും ആശാ വര്‍ക്കര്‍മാരുടെ സമരത്തിനുമിടയില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വയനാട് ദുരന്ത സഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായി. ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരള ഹൗസിലേക്ക് ധനമന്ത്രിയെത്തുകയായിരുന്നു. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും കേരളത്തിന്‍റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വയനാട് തന്നെയായിരുന്നു മുഖ്യ ചര്‍ച്ച വിഷയമെന്നാണ് വിവരം. വിനിയോഗ പരിധി മാര്‍ച്ച് 31ന് അവസാനിക്കുന്ന ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്‍പോട്ട് വച്ചു. ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്‍റെ കൂടുതല്‍ ഇടപെടല്‍ തേടി. ഉപാധികളില്ലാതെ കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും മുന്‍പോ‍ട്ട് വച്ചെന്നാണ് വിവരം.  

പള്ളിയിൽ പർദ്ദയിട്ട് വന്നിട്ടും തെറ്റിയില്ല; പത്മനാഭന്റെ തന്ത്രത്തിൽ വീഴാതെ പൊലീസ്, മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios