അപകടത്തിൽ മരണപ്പെട്ട മലയാളികളായ 4 പേരുടെ മൃതദേഹത്തിന് പുറമെ യാത്രാ സംഘത്തിലെ മറ്റ് 8 പേരെയും കേരള സർക്കാരിന്‍റെ നേതൃത്വത്തിൽ തിരിച്ച് നാട്ടിൽ എത്തിക്കും.
ദില്ലി: കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശ്രീനഗറിൽ നിന്ന് വിമാനമാർഗം ദില്ലി വഴിയാണ് നാല് പേരുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് എത്തിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നോർക്കാ റൂട്സ് പ്രതിനിധി ഡോ. ഷാജിമോൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ കശ്മീരിൽ തുടരുന്നുണ്ട്. ഇന്നലെ തന്നെ ശ്രീനഗറിൽ വച്ച് നാലുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് എംബാം ചെയ്തിരുന്നു. പാലക്കാട് സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരണപ്പെട്ടിരുന്നു. അപകടത്തിൽ മരണപ്പെട്ട മലയാളികളായ 4 പേരുടെ മൃതദേഹത്തിന് പുറമെ യാത്രാ സംഘത്തിലെ മറ്റ് 8 പേരെയും കേരള സർക്കാരിന്‍റെ നേതൃത്വത്തിൽ തിരിച്ച് നാട്ടിൽ എത്തിക്കും. ഗുരുതരമായി പരിക്കേറ്റ മനോജ് നിലവിൽ കശ്മീരിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ നിലവിൽ 72 മണിക്കൂർ ഒബ്സർവേഷനിൽ ആണ്. ഡിസംബർ അഞ്ചാം തിയതി ഉച്ചയ്ക്കാണ് കശ്മീരിലെ സോജിലാ പാസിൽ വിനോദ സഞ്ചാര സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽ പെട്ട് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേര് മരിച്ചത്.
കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് കഴിഞ്ഞ ചൊവ്വാഴ്ച അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ മാസം മുപ്പതിന് കേരളത്തിൽ നിന്നും ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.
യാത്രാ സംഘത്തിലെ ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഇതിൽ ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്.
Read More : എറണാകുളം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി, നാളെ മൂന്ന് മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് അവധി, വിശദീകരണം ഇങ്ങനെ...
