ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. ശരീരത്തിൽ കുത്തേറ്റതിൻ്റെയും തീപ്പൊള്ളലേറ്റതിൻ്റെയും മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് നിഗമനം.
കൊല്ലം: കൊല്ലം പുനലൂരിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. കൊലപാതകമാണെന്നാണ് നിഗമനം. ശരീരത്തിൽ കുത്തുകളേറ്റതിന്റെ മുറിവുകളുണ്ട്. കൂടാതെ ശരീരത്തിൽ തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു. കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു.


