ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ പാലക്കാട് മണ്ഡലത്തിലെത്തിലെ ഓഫീസിലെത്തിയത്
പാലക്കാട്: ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല. താൻ പറയുന്നതിലും അപ്പുറമാണല്ലോ വാര്‍ത്തകളെന്നും സാധാരണഗതിയിൽ അറിയിക്കുന്നതുപോലെ തന്‍റെ പരിപാടികളുടെ കാര്യങ്ങള്‍ അറിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ പ്രശ്നമില്ലെന്നും താനും ഒരുപാട് നടത്തിയത് അല്ലെയെന്നും നാളെയും മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും രാഹുൽ പാലക്കാട് തുടരും.
രാഹുലിന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പൂര്‍ണ പിന്തുണ
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് രാവിലെ പാലക്കാട് മണ്ഡലത്തിലെത്തിയത്. അഭിവാദ്യം ചെയ്തും ചേർത്തുപിടിച്ചുമാണ് രാഹുലിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചത്. അതേസമയം, രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി രാവിലെ ബിജെപിയും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. ഇതിനിടെ, രാഹുലിന്‍റെ വാഹനത്തിൽ നിന്നും എംഎൽഎ ബോർഡും മാറ്റി. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
പാർട്ടിയുടെ ഭാഗമല്ലെന്ന് നേതൃത്വം പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കള്‍ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെ അഭിവാദ്യം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തി. എന്നാൽ, രാവിലെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ഡിവൈഎഫ്ഐയും നടത്തിയത്. മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി എത്തിയും പ്രതിഷേധിച്ചു. കൂടുതൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് രാഹുലിന്റെ എംഎൽഎ ഓഫീസിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ, വൈകിട്ട് എംഎൽഎ ഓഫീസിലെത്തിയപ്പോള്‍ രാഹുലിനെതിരെ പ്രതിഷേധമുണ്ടായില്ല.



