Asianet News MalayalamAsianet News Malayalam

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്, ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറ്

പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. 

bomb attack in kannur mattannur rss office
Author
First Published Sep 23, 2022, 1:05 PM IST

കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് സമരാനുകൂലികൾ. ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. തീഗോളം കെട്ടിടത്തിനുള്ളിലേക്ക് വീണും നാശ നഷ്ടങ്ങളുണ്ടായി. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുചക്രവാഹനത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ ബിജെപി ജില്ല അധ്യക്ഷൻ ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസ് വാഹനത്തിന് നേരെയും ആക്രമണം, ഇരുമ്പുവടികൊണ്ടടിച്ച് മുഖം മൂടി സംഘം

കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പ്രദേശത്താണ് ഹർത്താൽ ദിനത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്. പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പലയിടത്തും ആക്രമണങ്ങൾ നടത്തുന്നതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

'പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടി' എന്‍ ഐ എ

സംസ്ഥാനത്താകെ പോപ്പുലർ ഫ്രണ്ട് സമരാനുകൂലികൾ ഹ‍‍‍ര്‍ത്താലിന്റെ ആക്രമണം അഴിച്ചുവിട്ടു. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. അമ്പതോളം ബസുകളുടെ ചില്ല് തകർന്നു. കല്ലേറിൽ ഡ്രൈവർമാർക്ക് പരിക്കേറ്റു. ചാവക്കാട് ആംബുലൻസിന് നേരെയും ആക്രമണം നടന്നു. എയർപോർട്ടിലേക്ക് പോയ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നെടുമ്പാശ്ശേരിയിലും കോട്ടയത്തും കോഴിക്കോട്ടും മുഖംമൂടി സംഘം ഹോട്ടലുകൾ അടിച്ചു തകർത്തു. കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി.  

ഹർത്താലിൽ കോട്ടയത്തും വ്യാപക അക്രമമുണ്ടായി. ഈരാറ്റുപേട്ട ടൗണിൽ വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികളെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. അന്യായമായ സംഘം ചേര്‍ന്നതിനും, ഗതാഗതം തടസപ്പെടുത്തിയതിനും 83 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അതിനിടെ, സംക്രാന്തിയിൽ ലോട്ടറി കട ഹെൽമറ്റ് കൊണ്ട് മുഖം മറച്ചെത്തിയ രണ്ട് അംഗ സംഘം അടിച്ചു തകർത്തു. കുറിച്ചിയിലെ ശ്രീ ശരവണ ഭവൻ ഹോട്ടലിന്റെ നേരെയും കല്ലേറുണ്ടായി. 

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. ഇരവിപുരം സ്റ്റേഷനിലെ സിപിഒ ആൻറണി, കൊല്ലം എ.ആർ ക്യാമ്പിലെ കോണ്സ്റ്റബിൾ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. വഴിയാത്രക്കാരെ പി.എഫ്.ഐ പ്രവർത്തകർ അസഭ്യം പറയുകയും വാഹനങ്ങൾ തടയുകയും ചെയ്തുവെന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

Follow Us:
Download App:
  • android
  • ios