ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്ത് നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവയും പാനൂർ പൊലീസ് കണ്ടെത്തി.

കണ്ണൂര്‍: കണ്ണൂര്‍ പാനൂർ കുനുമ്മലിൽ നിന്ന് നാല് നാടന്‍ ബോംബുകള്‍ (Bombs) കണ്ടെത്തി. അബ്ദുൾ സമദ് എന്നയാളുടെ ആള്‍ താമസമില്ലാത്ത വീടിന്‍റെ അടുക്കളയിൽ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. ഒഴിഞ്ഞ ഐസ്ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്ത് നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവയും പാനൂർ പൊലീസ് കണ്ടെത്തി. 

ലോറിയിലിടിച്ച് ഇറങ്ങിയോടി മറ്റൊരു കാറിൽ കടന്നു, പൊലീസ് വണ്ടിയിലിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം, അറസ്റ്റ്

തൃശൂർ വെങ്ങിണിശ്ശേരിയിൽ മാരകായുധങ്ങളുമായി സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട സംഘത്തെ പൊലീസ് പിടികൂടി. അപകടമുണ്ടായതിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേ‌ർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. വാഹന പരിശോധനയ്ക്കിടെ ചേർപ്പിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. 

പൊലീസ് ജീപ്പിൽ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് നാടകീയമായി ഇവരെ പിടികൂടുകയായിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശികളാണ് പിടിയിലായവർ. അപകടത്തിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് വടിവാളുകളും കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന സംഘമാണിതെനാണ് പ്രാഥമിക നിഗമനം.

തൃശൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയിരുന്നു. അപകടമുണ്ടായതിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേ‌ർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തൃശൂ‌ർ വെങ്ങിണിശ്ശേരിയിൽ രാവിലെയാണ് കാ‌ർ ലോറിയിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തക‌ർന്നു. അപകടം കണ്ട് നാട്ടുകാ‌ർ കൂടാൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാ‌ർ പൊലീസിൽ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന പോലുള്ള വടിവാളായിരുന്നു ഇത്.

തുരുമ്പ് കയറിയ നിലയിലുള്ള വടിവാൾ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. ഫൊറൻസിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ വാളിൽ രക്തക്കറയുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി കാറും വടിവാളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കാ‌ർ. 

ഇയാളുമായി ബന്ധപ്പെട്ടപ്പോൾ കാ‌ർ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നൽകി. കാ‌ർ ഉടമസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കവെയാണ് പ്രതികൾ പിടിയിലാകുന്നത്.