സംസ്ഥാനത്തെ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് 12,500 രൂപയായും ക്ലീനർമാരുടെ ബോണസ് 6,500 രൂപയായും വർധിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനവും സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസും പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000 രൂപ വർധിപ്പിച്ച് 12,500 രൂപയായി നിശ്ചയിച്ചു. ട്രക്ക് ക്ലീനർമാരുടെ ബോണസ് 6,500 രൂപയുമാക്കി. ജീവനക്കാരുടെ ഈ വർഷത്തെ ബോണസ് നിശ്ചയിക്കുന്നതിനായി അഡീഷണൽ ലേബർ കമ്മീഷണർ ( ഐ ആർ ) കെ എം സുനിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികളുടെ ഓണം അഡ്വാൻസ് 5,000 രൂപയായും നിശ്ചയിച്ചു.
യോഗത്തിൽ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ബി ഹരികുമാർ, എം ഇബ്രാഹിം കുട്ടി, ഷൈജു ജേക്കബ്, ചന്ദ്രൻ വേങ്ങലോത്ത്, തോമസ് കണ്ണാടിയിൽ മൈലക്കാട് സുനിൽ, റിജു യു , പെരുന്താന്നി രാജു എന്നിവരും ട്രക്ക് കോൺട്രാക്ടേഴ്സ് അസോസിയഷനെ പ്രതിനിധീകരിച്ച് ബാബു ജോസഫ്, അജിൻ ഷാ, പി ടി സതീഷ് ബാബു, സനൽ കുമാർ എന്നിവരും പങ്കെടുത്തു.
അതേസമയം, ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക് ഓണസമ്മാനം ലഭിക്കും.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ് ബത്ത ലഭിക്കുക. ഇതിനായി സർക്കാർ 63.68 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ തവണ 1000 രൂപ വീതം നൽകിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
