തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 15 കാരി തൂങ്ങിമരിച്ച സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന യുവാവിനെ രാത്രിയോടെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.  മരിച്ച ദിവസം രാവിലെ ആൺസുഹൃത്ത് പെൺകുട്ടിയെ മർദ്ദിച്ചുവെന്ന് സഹോദരി വെളിപ്പെടുത്തി. 

നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരിയെ ഇന്നലെ വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിൽ വന്നിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ആൺസുഹൃത്തിന്‍റെ ഭീഷണിയും മർദ്ദനവും കാരണമാണ് പെൺകുട്ടി മരിച്ചതെന്നും സഹോദരി ആരോപിച്ചിരുന്നു. 

പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് നിലവിൽ ആൺ സുഹൃത്തിനെതിരെ കേസ് ഉണ്ട്. പെൺകുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. പൊലീസും നാട്ടുകാരും തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്‍റെ ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.