സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നല്‍കുമെന്ന എംവി ഗോവിന്ദന്‍റെ ഉറപ്പ് പാഴ്‍വാക്കായി. രണ്ടു വര്‍ഷം മുമ്പ് എംവി ഗോവിന്ദൻ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതായി നിക്ഷേപകര്‍

സുൽത്താൻ ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നല്‍കുമെന്ന് എം വി ഗോവിന്ദൻ ഉറപ്പ് നല്‍കിയതായി നിക്ഷേപകർ. ലക്ഷങ്ങള്‍ നഷ്ടമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉള്‍പ്പെടെയുള്ളവർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലടക്കം വിഷയം ചർച്ചയാകാതിരിക്കാൻ ശ്രമം നടത്തിയ സിപിഎം എന്നാല്‍ പണം തിരികെ നല്‍കാൻ മാത്രം ആത്മാർത്ഥ കാണിച്ചില്ലെന്നാണ് ഉയരുന്ന വിമർശനം. 30 കൊല്ലത്തെ പൊലീസ് സേവനത്തിനൊടുവില്‍ എസ് ഐ ഗ്രേഡിലാണ് ജി കുഞ്ഞുമോൻ വിരമിച്ചത്. സിപിഎം എംഎല്‍‌എ ആയിരുന്ന കൃഷ്ണപ്രസാദ് നേരിട്ടാണ് ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്താൻ സമ്മർദ്ദം ചെലുത്തിയത്. സമ്പാദ്യത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ കുഞ്ഞുമോൻ ബ്രഹ്മഗിരിയില്‍ നിക്ഷേപിച്ചു. ആദ്യം ഒക്കെ പലിശ കിട്ടി. പിന്നീട് അതും കിട്ടാതായി. വലിയ കണക്ക് കൂട്ടലുകളോടെ മാറ്റി വെച്ച പൈസയാണ് ഈ വിധം ഇല്ലാതായതെന്ന് ജി കുഞ്ഞുമോൻ പറഞ്ഞു. പണം തിരികെ കിട്ടാൻ ബ്രഹ്മിഗിരിയിലെ നിക്ഷേപകർ പല തവണ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടിട്ടുണ്ട്. ഉടനെ ശരിയാകുമെന്നായിരുന്നും വാഗ്ദാനം. അത് വിശ്വസിച്ചാണ് നിക്ഷേപകർ ഇതുവരെ കാത്തിരുന്നതെന്നും കുഞ്ഞുമോൻ പറഞ്ഞു.

പണം തിരികെ നൽകുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ

മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കാണ് സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയില്‍ പണം നഷ്ടമായത്. സർക്കാർ ഉദ്യോഗസ്ഥരില്‍ വിരമിക്കുന്നവരെ കണ്ടെത്താനും അവരുടെ നിക്ഷേപം ബ്രഹ്മഗിരിയില്‍ എത്തിക്കാനും പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് തന്നെ ചുമതലുയുണ്ടായിരുന്നു. പണം നഷ്ടമായപ്പോള്‍ ഇവരാരും ഉത്തരവാദിത്വം ഏല്‍ക്കാതായി. പ്രശ്നം വഷളായപ്പോള്‍ പിന്നെ തെരഞ്ഞെടുപ്പുകളില്‍ ബ്രഹ്മഗിരി വിഷയം ചർച്ചയാകാതിരിക്കാനാണ് സിപിഎം നേതൃത്വം ഇതുവരെ ശ്രമിച്ചത്. പല തവണ ചർച്ചകളെന്ന പേരില്‍ ബ്രഹ്മഗിരിയിലെ നിക്ഷേപകരെ വിളിച്ചു വരുത്തി പ്രതീക്ഷ നല്‍കികൊണ്ടിരുന്നു. എന്നാൽ, പ്രശ്നം മാത്രം പരിഹരിച്ചില്ല.ബ്രഹ്മാണ്ഡ തട്ടിപ്പെന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ വിഷയം വീണ്ടും ഗൗരവതരമായ ചർച്ചയായ സാഹചര്യത്തിലും പ്രതിപക്ഷം സമരം ഏറ്റെടുക്കുമ്പോഴും നിക്ഷേപകർ അവസാന പ്രതീക്ഷയിലാണ്. ഇനിയെങ്കിലും സർക്കാർ വിഷയത്തില്‍ ഇടപെട്ട് തങ്ങളുടെ പണം മടക്കി തരുമോയെന്നാണ് അവർ ഉറ്റുനോക്കുന്നത്.

YouTube video player