ബ്രഹ്മിഗിരി ഡെവലപ്പ്മെന്‍റ് സൈസൈറ്റി തകർന്നിട്ടും അത് പുറത്തറിയിക്കാതെ ആളുകളില്‍ നിന്ന് സിപിഎം നേതാക്കള്‍ വീണ്ടും കോടികള്‍ വാങ്ങി

മാനന്തവാടി: കർഷകരെ സഹായിക്കാനായി സർക്കാർ പിന്തുണയോടെയാണ് വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി തുടങ്ങിയത്. കോടികളുടെ നിക്ഷേപം സ്വീകരിച്ച് മുന്നോട്ടുപോയ സിപിഎം നിയന്ത്രണം ഉണ്ടായിരുന്ന ബ്രഹ്മഗിരിക്ക് 2022 ഓടെ വൻ തകർച്ചയാണ് സംഭവിച്ചത്. നൂറുകണക്കിന് കുടുംബങ്ങൾ വൻ കടബാധ്യതയിലായി വഴിയാധാരം ആയി. വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ എത്തിയ ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പ് സംഘമായി മാറിയതെങ്ങനെ. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു. ബ്രഹ്മിഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റി തകർന്നിട്ടും അത് പുറത്തറിയിക്കാതെ ആളുകളില്‍ നിന്ന് സിപിഎം നേതാക്കള്‍ വീണ്ടും കോടികള്‍ വാങ്ങി. സ്ഥലം വിറ്റ പണം അടക്കം 41 ലക്ഷം രൂപയാണ് വയനാട് സ്വദേശി ആൻസിയില്‍ നിന്ന് നിക്ഷേപത്തിനായി വാങ്ങിയത്. പാര്‍ട്ടിയോടുള്ള വിശ്വാസമാണ് മുതലെടുത്തതെന്നും താൻ ആത്മഹത്യ ചെയ്താല്‍ അതിന്‍റെ ഉത്തരവാദിത്വം സിപിഎം നേതാക്കള്‍ക്കാണെന്നുമാണ് ആൻസി പറയുന്നത്.

2021 ല്‍ സ്ഥലം വിറ്റ് കിട്ടിയ മുപ്പത് ലക്ഷം രൂപ ബ്രഹ്മഗിരിക്ക് നല്‍കുമ്പോള്‍ ആൻസിക്കും കുടുംബത്തിനും ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ പലിശ കൊണ്ടെങ്കിലും ജീവിക്കാനാകണം. മകളുടെ ഭാവിക്കായി നിക്ഷേപം പിന്നീട് ഉപയോഗപ്പെടുത്തണം. ആദ്യമൊക്കെ പലിശ കിട്ടിയപ്പോള്‍ ബ്രഹ്മഗിരിയിലും നേതാക്കളിലും അവർക്ക് വിശ്വാസം കൂടി. അടുത്ത വർഷം വീണ്ടും നിക്ഷേപം സ്വീകരിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനിക്ക് 11 ലക്ഷം ബന്ധുക്കളില്‍ നിന്ന് കൂടി വാങ്ങി നല്‍കി. പക്ഷെ ബ്രഹ്മഗിരി അപ്പോള്‍ മൂക്കോളം മുങ്ങിയിരുന്നു. അത് ആരും അറഞ്ഞിരുന്നില്ല. ആരെയും അറിയിച്ചിരുന്നില്ല എന്നതാണ് കൂടുതല്‍ ശരി.

ഭർത്താവിന് പക്ഷാഘാതം കൂടി വന്നതോടെ കുടുംബത്തിന്റെ നില താളം തെറ്റി

കമ്പനി പൂട്ടിയെന്ന് അറിഞ്ഞ ആൻസിയും കുടുംബവും ഇരുട്ടിലായി പോയി. ബ്രഹ്മഗിരിയില്‍ കയറി ഇറങ്ങി പണം തിരികെ തരാൻ അപേക്ഷിച്ചു. സിപിഎം നേതാക്കൻമാരെ കണ്ട് കരഞ്ഞ് പറഞ്ഞു. എവിടെയും ആരും സഹായത്തിന് എത്തിയില്ല. ഭർത്താവിന് പക്ഷാഘാതം കൂടി വന്നതോടെ കുടംബത്തിന്‍റെ താളം തെറ്റി.

പണം ആവശ്യപ്പെട്ട് കഴിഞ്ഞ 3 വർഷവം എല്ലാ ദിവസവുമെന്നോണം ആൻസി ബ്രഹ്മഗിരിയി ഓഫീസില്‍ ഇറങ്ങിയിട്ടുണ്ട്. വെറും ഏഴ് ലക്ഷമാണ് തിരികെ കിട്ടിയത്. അതും പല പല തവണകളായി. താൻ പറഞ്ഞിട്ട് പണം നല്‍കിയ ബന്ധുക്കള്‍ക്കാണ് തിരിച്ച് കിട്ടിയ പണം അവർ നല്‍കിയത്. സിപിഎം എന്ന പാർട്ടിക്കും നേതാക്കള്‍ക്കും ഉണ്ടായിരുന്ന വിശ്വാസ്യതയാണ് ആൻസിയെ സങ്കോചം കൂടാതെ ഇത്രയും വലിയ തുക നല്‍കാൻ പ്രേരിപ്പിച്ചത്. എന്നാല്‍ നിത്യ ചെലവിന് പണം കണ്ടെത്താൻ തന്നെ പാടുപെടുന്ന അവർക്ക് അവർക്ക് ഇന്ന് ഒരു സംവിധാനത്തിലും വിശ്വാസമില്ലാതായിരിക്കുന്നു. തങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതിയില്‍ നിക്ഷേപകരുടെ നഷ്ടമായ പണത്തിന് ഒരു ഉത്തരവും നല്‍കാതിരിക്കുകയാണ് സർക്കാരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം