Asianet News MalayalamAsianet News Malayalam

'കണ്ണി പൊട്ടിക്കാം, ബ്രേക്ക് ദ ചെയിൻ', കൈ കഴുകൽ ശീലമാക്കാൻ പുതിയ ക്യാമ്പയിന്‍

കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നത് ഈ അസുഖത്തെ ഫലപ്രദമായി നേരിടാനാകുമെന്ന് ലോകാരോഗ്യസംഘടന അടക്കം നിർദേശിച്ച സാഹചര്യത്തിലാണ് കേരളസർക്കാർ പുതിയ പ്രചാരണപരിപാടി തുടങ്ങുന്നത്- 'ബ്രേക്കിംഗ് ദ ചെയ്ൻ'

breaking the chain new campaign by kerala health minister kk shailaja
Author
Thiruvananthapuram, First Published Mar 15, 2020, 8:03 PM IST

തിരുവനന്തപുരം: കൈകൾ ശുചിയാക്കുന്നതിനെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ പുതിയ പ്രചാരണപരിപാടിയുമായി ആരോഗ്യവകുപ്പ്. 'കണ്ണി പൊട്ടിക്കാം, ബ്രേക്ക് ദ ചെയ്ൻ' എന്നാണ് ബോധവത്കരണപരിപാടിയുടെ പേര്.

സർക്കാർ ഓഫീസുകളെല്ലാം ഈ പ്രചാരണപരിപാടി ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇത് നടപ്പാക്കാത്തതിന്‍റെ പേരിൽ ആരും ആരെയും കുറ്റപ്പെടുത്തരുത്. ഇത് സ്വമേധയാ ആളുകൾ ഏറ്റെടുക്കേണ്ടതാണ്. 

ക്യാമ്പയിന്‍റെ ഉദ്ഘാടനം വാർത്താ സമ്മേളനത്തിൽ വച്ച് ആരോഗ്യമന്ത്രി തന്നെ നിർവഹിച്ചു. വാർത്താസമ്മേളനത്തിനിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കിയാണ് ആരോഗ്യമന്ത്രി പരിപാടിയുടെ ഉദ്ഘാടനം നടത്തിയത്.

ഒപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും യുവാക്കൾക്കും ഈ പ്രചാരണ പരിപാടി ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു.  ''ബസ് സ്റ്റാൻഡുകളിലാകാം, റെയിൽവേ സ്റ്റേഷനുകളിലാകാം, എവിടെയും ഇത്തരമൊരു പ്രചാരണപരിപാടി ആർക്കും നടത്താം. അത് ഒരു പ്രചാരണപരിപാടിയായി എല്ലാവരും ഏറ്റെടുക്കണം. പ്രത്യേകിച്ച് യുവാക്കൾ'', എന്ന് കെ കെ ശൈലജ. 

''ഇതിനായി ഒരു സൊല്യൂഷനോ, സാനിറ്റൈസറോ ഇല്ലല്ലോ എന്ന് പൊതുജനങ്ങളോ ആരും ബേജാറാകേണ്ടതില്ല. സ്വയം ഒരു കഷ്ണം സോപ്പ് കയ്യിൽ വയ്ക്കൂ, പറ്റാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കൈ കഴുകൂ. പ്രചാരണ പരിപാടിയ്ക്ക് പക്ഷേ, പൊതുവായി ഒറ്റ സോപ്പ് ഉപയോഗിക്കരുത് കേട്ടോ'', എന്ന് ആരോഗ്യമന്ത്രി. 

പൊതുജനങ്ങൾ എല്ലാവരും മാസ്കുപയോഗിക്കേണ്ടതില്ല. ഇത്തരം പ്രചാരണപരിപാടികൾ നടത്തുന്നവർ മാസ്ക് ഉപയോഗിക്കണം. കൈ കഴുകിയാൽ മാത്രം പോര. ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുന്നവർ, അത് മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കണം. ജലദോഷവും ചുമയുമുള്ളവർ മാസ്ക് ഉപയോഗിക്കണം. അനാവശ്യമായി മുഖവും മറ്റും തൊടരുത് - ഇത്തരം ജാഗ്രതാനിർദേശങ്ങൾ ഇനിയും പാലിക്കണം - എന്ന് ആരോഗ്യമന്ത്രി.

സാമൂഹ്യനീതി വകുപ്പിന്‍റെ കൂടി സഹകരണത്തോടെയാണ് ഈ ക്യാമ്പെയ്ൻ നടപ്പാക്കുക എന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി, ആശാ വർക്കർമാർ, ടൂറിസം വകുപ്പുകൾ, തദ്ദേശഭരണസ്ഥാപനങ്ങൾ ‌അങ്ങനെ എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ഇത് ഏറ്റെടുക്കണം.

''ക്യാമറയെടുക്കുമ്പോഴും, വയ്ക്കുമ്പോഴും ഇത് ഉപയോഗിക്കണം കേട്ടോ, രോഗബാധ സംശയിക്കുന്നവരുടെ അടുത്ത് മൈക്ക് കൊണ്ടുപോയി വച്ച് നിങ്ങൾക്ക് രോഗം പകരരുത് കേട്ടോ'', എന്ന് മാധ്യമപ്രവർത്തകരോടും ആരോഗ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. 

Read more at: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19; രോഗികളുടെ എണ്ണം 21; നിരീക്ഷണം കർശനമാക്കി സർക്കാർ

Follow Us:
Download App:
  • android
  • ios