വിധി പുനപരിശോധിക്കണം. കേന്ദ്ര സർക്കാർ ഇടപെട്ട് നിയമനിർമ്മാണം നടത്തണം. അതിനായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു . 

തൊടുപുഴ: വന്യ ജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിച്ച സുപ്രീം കോടതി വിധി അപ്രായോഗികമെന്ന് ഡീൻ കുര്യാക്കോസ് എം.പി. വിധി പുനപരിശോധിക്കണം. കേന്ദ്ര സർക്കാർ ഇടപെട്ട് നിയമനിർമ്മാണം നടത്തണം. അതിനായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു .

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർബന്ധമായും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവ് സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ നിലവിലുള്ള അവസ്ഥ തുടരാൻ ആവശ്യമായ നിയമ നടപടികളെ കുറിച്ച് ആലോചിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. നിയമോപദേശം തേടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എൻ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർണായക നിർദേശം പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ പാടൂ എന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.

സംരക്ഷിത വനമേഖലകളുടെ അനുബന്ധ പരിസ്ഥിതലോല പ്രദേശങ്ങളില്‍ നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നൽകി. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററില്‍ അധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍ അതേപടി തന്നെ തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍.ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: തൃക്കാക്കര നല്‍കുന്ന പാഠം, വിമര്‍ശിച്ച് സിപിഐ; വേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം: ബിനോയ് വിശ്വം