ലക്ഷങ്ങൾ വരുമാനം, വാടക നൽകില്ലെന്ന് വാശി; മാവേലി സ്റ്റോർ കെട്ടിട ശുചിമുറി പൂട്ടി ഉടമ, ജീവനക്കാർക്ക് ദുരിതം
15,000 രൂപയാണ് കരാർ പ്രകാരമുള്ള വാടക. എന്നാൽ കഴിഞ്ഞ 13 മാസമായി വാടക കിട്ടുന്നില്ലെന്നാണ് ഉടമകളുടെ പരാതി.

പത്തനംതിട്ട : കലഞ്ഞൂരിൽ മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ. പഞ്ചായത്തും സപ്ലൈക്കോയും വാടക മുടക്കം വരുത്തിയതിന്നാരോപിച്ചാണ് കെട്ടിട ഉടമയുടെ നടപടി. ഇതോടെ മാവേലി സ്റ്റോറിലെ വനിത ജീവനക്കാർ പ്രാഥമിക കൃത്യങ്ങൾക്ക് പൊലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. രാവിലെ 9.30 ന് തുറക്കുന്ന മാവേലി സ്റ്റോർ അടയ്ക്കുന്നത് രാത്രി ഏഴ് മണിക്കാണ്. പത്ത് മണിക്കൂറോളം നാല് സ്ത്രീകളാണ് ഇവിടെ വിശ്രമില്ലാതെ ജോലി ചെയ്യുന്നത്. ഇതിനിടെ ഒന്ന് ബാത്ത് റൂമിൽ പോകണമെന്ന് വിചാരിച്ചാൽ ഒന്നും നടക്കാത്തതാണ് നിലവിലെ സാഹചര്യം. തൊഴിലിടങ്ങളിൽ ശുചിമുറികൾ അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന സർക്കാർ നിർദേശങ്ങൾ നിലനിൽക്കുമ്പോഴാണ് ഉള്ള ശുചിമുറി കൂടി അടച്ചുപൂട്ടിയിരിക്കുന്നത്.
read more കുണ്ടന്നൂർ വെടിക്കെട്ട് അപകടം:പരിക്കേറ്റ തൊഴിലാളി മരിച്ചു,അപകടം ഡെപ്യൂട്ടി കളക്ടർ അന്വേഷിക്കും
ജനുവരി മൂന്നാം തിയതിയാണ് കെട്ടിട ഉടകളിലൊരാളായ സുരേഷ് കുമാർ എത്തി ശുചിമുറി പൂട്ടി താക്കോലുമായി പോയത്. അന്ന് മുതൽ ജീവനക്കാർ ദുരിതത്തിലാണ്. ആദ്യമൊക്കെ തൊട്ടടുത്തള്ള അംഗനവാടി കെട്ടിടത്തിലെ ടോയ്ലെറ്റ് സൌകര്യം ഉപയോഗിച്ചു. നാല് പേരുടെ ഉടസ്ഥതയിലുള്ള കെട്ടിടം രണ്ട് വർഷം മുമ്പാണ് മാവേലി സ്റ്റോർ പ്രവർത്തനത്തിനായി വാടകയ്ക്ക് കൊടുത്തത്. 15,000 രൂപയാണ് കരാർ പ്രകാരമുള്ള വാടക. എന്നാൽ കഴിഞ്ഞ 13 മാസമായി വാടക കിട്ടുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കലഞ്ഞൂർ പഞ്ചായത്തും സപ്ലൈക്കോയും ചേർന്നാണ് വാടക നൽകേണ്ടത്. പ്രതിദിനം ഒന്നര ലക്ഷം രൂപയാണ് മാവേലി സ്റ്റോറിൽ നിന്നുള്ള വരുമാനം. എന്നിട്ടും വാടക മുടക്കം വരുന്നതിന്റെ കാരണം ചോദിക്കുമ്പോൾ ഉടൻ കൊടുക്കുമെന്നതല്ലാതെ കൃത്യമായ മറുപടി പഞ്ചായത്തിനും സപ്ലൈക്കോക്കും ഇല്ല. വാടക പ്രശ്നം കൊണ്ട് ദുരിതത്തിലായിരിക്കുന്നത് ജീവനക്കാരാണ്.