തിരുവനന്തപുരം/ ചെന്നൈ: ഇന്ത്യൻ തീരത്തിനടുത്ത് എത്തിയപ്പോഴേക്ക് 'ബുറെവി' ചുഴലിക്കാറ്റ് വീണ്ടും ദുർബലമായതായി കേന്ദ്രകാലാവസ്ഥാനിരീക്ഷണ വകുപ്പ്. രാമനാഥപുരത്തിനടുത്താണ് നിലവിൽ ന്യൂനമർദ്ദമുള്ളത്. തമിഴ്നാട് തീരം തൊടുമ്പോഴേയ്ക്ക് തന്നെ ബുറെവിയുടെ വേഗത കുറയും. തമിഴ്നാട്ടിലെത്തും മുമ്പേ ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റ‌ർ വരെയായി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ കേരളത്തിലേക്ക് ബുറെവി എത്താൻ സാധ്യത തീരെക്കുറവാണ്.

ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തന്നെ അതിതീവ്ര ന്യൂനമർദ്ദമായി മാറി. വീണ്ടും തീവ്രത കുറഞ്ഞ് ന്യൂനമർദ്ദമായാകും രാമനാഥപുരം വഴി തമിഴ്നാട്ടിലേക്ക് എത്താൻ സാധ്യതയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് നാല് മണിയോടെ തുറക്കും. സർവീസുകൾ അതിന് ശേഷമാകും തുടങ്ങുക. ഇന്ന് രാവിലെ മുതൽ വിമാനത്താവളം മുൻകരുതലിന്‍റെ ഭാഗമായി അടച്ചിട്ടിരുന്നു. 

എന്നാൽ ബുറെവിയുടെ പ്രഭാവം കൊണ്ട് തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. പുതുച്ചേരി തീരത്തും കനത്ത മഴയാണ് പെയ്യുന്നത്. 

അതേസമയം, ഡിസംബർ ആറ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

ചിത്രങ്ങൾ കാണാം: ബുറേവി ചുഴലിക്കാറ്റ് ; ജാഗ്രതയോടെ, തയ്യാറെടുപ്പോടെ കേരളം

ജാഗ്രത തുടരും

ബുറൈവി ആശങ്കയൊഴിഞ്ഞെങ്കിലും കേരളം ജാഗ്രത കൈവിടില്ല. തമിഴ്നാട്ടിലെത്തും മുമ്പെ കൂടുതൽ ദു‍ർബ്ബലമായതോടെ ചുഴലിക്കാറ്റ് കേരളത്തിലെത്താനുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും എല്ലാ തെക്കൻ ജില്ലകളിലും പരമാവധി കരുതലോടെയാണ് ജില്ലാ ഭരണകൂടം തുടരുന്നത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി. 

മീൻ പിടിക്കാൻ കടലിൽ പോകുന്നതിനുള്ള നിരോധനം ഇപ്പോഴും കേരളത്തിൽ തുടരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. അപകടസാധ്യതയുള്ള പൊന്മുടി പോലുള്ള സ്ഥലങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാാറ്റിപ്പാർപ്പിച്ചവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്നതിൽ  ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാകും.  

നിവാറിന് പിന്നാലെ ബുറെവിയുടെ സഞ്ചാരപഥവും കൃത്യമായി കണ്ടെത്തിയതിൽ കാലാവസ്ഥാ വകുപ്പിന് അഭിമാനിക്കാം. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കൈകോർത്തുള്ള മുന്നൊരുക്ക നടപടികളും മാതൃകാപരമായിരുന്നു ഇത്തവണ.