വടക്കഞ്ചേരി റോയൽ ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് അപകടമുണ്ടായത്. ബസിലെ ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി ബസിലെ 7 യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത് ബസ് ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്.
ഒഴിവായത് വൻ അപകടം
പാലക്കാട് :.വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡ് വഴി വരികയായിരുന്നു ദീർഘ ദൂര സർവീസ് ബസ്. ലോറി റോയൽ ജംഗ്ഷനു സമീപം കെഎസ്ആർടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്കുള്ള ഇന്ധനം (സി എൻ ജി) നിറച്ച 40 ഓളം സിലിണ്ടർ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് വന്ന സി എൻ ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പുറത്തേക്ക് തള്ളിയത്. വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗ്യാസ് നിർവീര്യമാക്കി. ഹൈവേ പോലീസ്, വടക്കഞ്ചേരി പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. പരിക്കേറ്റ വരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൾഡ് ബേൺസ്
തീപിടിത്തം ഉണ്ടായില്ലെങ്കിലും CNG പൊള്ളലിന് കാരണമാകും. ഈ പൊള്ളലിനെ കോൾഡ് ബേൺസ് (Cold Burns) എന്ന് വിളിക്കും. CNG വളരെ ഉയർന്ന മർദ്ദത്തിലാണ് സിലിണ്ടറുകളിൽ സൂക്ഷിക്കുന്നത്. ലീക്ക് ചെയ്യുമ്പോഴോ പെട്ടെന്ന് പുറന്തള്ളപ്പെടുമ്പോഴോ വാതകം അതിവേഗം വികസിക്കുകയും വാതകത്തിന്റെ താപനില പെട്ടെന്ന് പൂജ്യത്തിനും താഴേക്ക് കുറയുകയും ചെയ്യുന്നു.ഈ അവസ്ഥയിൽ വാതകവുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ചർമ്മത്തിലെ കോശങ്ങൾ ഉടനടി ഉറഞ്ഞുപോവുകയും തീപ്പൊള്ളലിന് സമാനമായ രീതിയിൽ കോൾഡ് ബേൺസ് (ഫ്രോസ്റ്റ് ബൈറ്റ്) ഉണ്ടാകുകയും ചെയ്യും. CNG ലീക്ക് ഉണ്ടായാൽ വാതകം നേരിട്ട് തൊടാനോ ശ്വസിക്കാനോ ശ്രമിക്കരുത്. തീപ്പൊള്ളൽ പോലെ തന്നെ ചർമ്മത്തിലെ കോശങ്ങളെ നശിപ്പിക്കാൻ ഈ അവസ്ഥയ്ക്കും കഴിയും.
