കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസാണ് വനത്തില്‍ കുടങ്ങിയത്. 

പത്തനംതിട്ട: പത്തനംതിട്ടയില്‍ വനത്തില്‍ ബസ് കുടുങ്ങി. അരണമുടിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് കുടുങ്ങിയത്. കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസാണ് വനത്തില്‍ കുടങ്ങിയത്. പിന്നാലെ ബസ് കുമളിയിലേക്ക് തിരിച്ചുവിട്ടു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പമ്പ ത്രിവേണിയില്‍ വെള്ളം കയറി. 

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാ‍ര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാ‍ര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. 

കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂർ കോഴഞ്ചേരി പ്രദേശങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ പലയിടത്തും വെള്ളം കയറി. കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. നേരിയ തോതിൽ മഴ ശമിച്ചതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.