കൊല്ലം: സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയതിനെതിരെ ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജി എസ് ജയലാലിനെതിരായ വിവാദം ശക്തമാകുന്നു. നേതൃത്വം അറിയാതെയായിരുന്നു ഇടപാടെന്നാണ് ആരോപണം. ജയലാലിന്‍റെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

ജി എസ് ജയലാൽ എംഎല്‍എ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചത്. വിലയായ അഞ്ച് കോടി രൂപയില്‍ ഒരു കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക കണ്ടെത്താനായി ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാൽ കത്ത് നൽകിയപ്പോഴാണ് ആശുപത്രി വാങ്ങുന്ന കാര്യം ജില്ലയിലെ നേതാക്കള്‍ പോലും അറിയുന്നത്. 

സിപിഐയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അച്യുതമേനോൻ സ്മാരക സഹകരണ ആശുപത്രി വീണ്ടും തുറക്കുന്നതിന് ഓഹരി സമാഹരിക്കാൻ കൊല്ലം ജില്ലാ നേതൃത്വം ഔദ്യോഗികമായി തീരുമാനിച്ചതിനിടെയുള്ള ജയലാലിന്‍റെ നീക്കത്തിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇടപാട് വിവാദമായതോടെ ജയലാലിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

ആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആശുപത്രി വാങ്ങാൻ തീരുമാനിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജി എസ് ജയലാൽ എംഎല്‍എ പ്രതികരിച്ചു.