തിരുവനന്തപുരം: സിറ്റിംഗ് എംഎല്‍എമാരായിരുന്ന കെഎം മാണിയും പിബി അബ്ദുള്‍ റസാഖും മരണപ്പെട്ടത്തിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലായും മഞ്ചേശ്വരവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച് എംപിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന എറണാകുളം, അരൂര്‍,കോന്നി, വട്ടിയൂര്‍ക്കാവ്... ഇങ്ങനെ ആകെ ആറ് നിയോജക മണ്ഡലങ്ങളാണ് കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്നത്. 

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ജയിച്ച പിബി അബ്ദുള്‍ റസാഖിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഈ വര്‍ഷം ജൂലൈയിലാണ് പിന്‍വലിച്ചത്. 2018 ഒക്ടോബറില്‍ അബ്ദുള്‍ റസാഖ് മരണപ്പെട്ടെങ്കിലും കേസുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്‍റെ തീരുമാനം. ഇതോടെ മഞ്ചേശ്വരത്ത് ഇത്രയും കാലം ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. കേസ് പിന്‍വലിച്ചതോടെ എറണാകുളം, അടൂര്‍,കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കും. 

വരുന്ന നവംബറില്‍ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടൊപ്പം ഈ അ‍ഞ്ച് സീറ്റുകളിലും കൂടി ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അപ്പോഴേക്കും എറണാകുളം, അടൂര്‍,കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഒഴിവ് വന്നിട്ട് ആറ് മാസം പൂര്‍ത്തിയാക്കും. മഞ്ചേശ്വരം മണ്ഡലം എംഎല്‍എയില്ലാതെ ഒരു വര്‍ഷം പിന്നിടുകയും ചെയ്യും. 

ആറ് നിയോജകമണ്ഡലങ്ങളിലും നിയമസഭാ ഉപതെര‍ഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തെ മൂന്ന് പ്രമുഖ മുന്നണികളും. ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ക്ക് പാര്‍ട്ടികളും മുന്നണികളും അണിയറയില്‍ തുടക്കമിട്ടതിന് പിന്നാലെയാണ് പാലായില്‍ ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വരുന്നത്. 

തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ തോന്നുംപടി പ്രവര്‍ത്തിക്കുകയാണെന്ന പ്രതികരണത്തിലൂടെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമാക്കി കഴിഞ്ഞു. പാലായിലെ ഫലം പിന്നാലെ വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നതും കൗതുകം സൃഷ്ടിക്കും