Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാ‌ർ; പ്രഖ്യാപനം ഇന്ന്

അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ പി മോഹൻരാജും കോൺഗ്രസ് സ്ഥാനാർത്ഥികളാകും. എറണാകുളത്ത് ടി ജെ വിനോദും വട്ടിയൂർകാവിൽ കെ മോഹൻകുമാറും തന്നെയാണ് സ്ഥാനാർത്ഥികൾ. 

by election udf candidate list
Author
Thiruvananthapuram, First Published Sep 28, 2019, 6:24 AM IST

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ പി മോഹൻരാജും കോൺഗ്രസ് സ്ഥാനാർത്ഥികളാകും. എറണാകുളത്ത് ടി ജെ വിനോദും വട്ടിയൂർകാവിൽ കെ മോഹൻകുമാറും തന്നെയാണ് സ്ഥാനാർത്ഥികൾ. ഒറ്റ പേരുള്ള പട്ടിക കെപിസിസി ഇന്നലെ രാത്രിതന്നെ ഹൈക്കമാൻഡിന് കൈമാറി. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. 

മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അരൂർ പിടിക്കാനുള്ള ചുമതല ഷാനിമോൾക്ക് കെപിസിസി നൽകിയത്. കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂർ, ഐ ഗ്രൂപ്പിന് നൽകിയത്. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചു. പക്ഷേ മമത്സരിക്കാനില്ലെന്ന് ലിജു ഉറച്ച നിലപാടെടുത്തതോടെയാണ് ഷാനിമോൾക്ക് അവസരം തെളിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തോറ്റ ഷാനിക്ക് അരൂരിൽ ഇറങ്ങാൻ താല്പര്യമുണ്ടായിരുന്നു. കോന്നിയിൽ അടൂര്‍ പ്രകാശിന്‍റെ എതിർപ്പ് മറികടന്നാണ് മുൻ ഡിസിസി അധ്യക്ഷൻ പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കുന്നത്. എൻഎസ്എസ് നിലപാടും തീരുമാനത്തിന് പിന്നിലുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും നിരവധി തവണ സംസാരിച്ചിട്ടും പ്രകാശ് അയയാത്തത് പാർട്ടിക്ക് തലവേദനയാണ്.  

എറണാകുളത്തിനായി കെ വി തോമസ് ശ്രമിച്ചെങ്കിലും ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് നേരത്തെ തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു. വട്ടിയൂർകാവിൽ കെ മോഹൻകുമാറിന്‍റെ സ്ഥാനാർത്ഥിത്വവും ആദ്യമേ ഉറച്ചിരുന്നു. രാത്രി വൈകി കെപിസിസിയിൽ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചർച്ചയിലാണ് സ്ഥാനാർത്ഥി പട്ടികയില്‍ ധാരണയായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷമാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്. ഒറ്റപ്പേരുള്ള പട്ടിക നൽകിയതിനാൽ സാധാരണ നിലയിൽ ദില്ലിയിൽ നിന്നും മാറ്റങ്ങളില്ലാതെ അംഗീകരിക്കുകയാണ് പതിവ്.

Follow Us:
Download App:
  • android
  • ios