2021 നവംമ്പര്‍ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ  ബുക്കിംഗ് ആരംഭിച്ചത്

പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്ക് ബുക്ക് ചെയ്തതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ചത് 4 കോടിയെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്. 2021 നവംമ്പര്‍ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്. റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് ഉപയോഗിച്ചു. എല്ലാദിവസവും റസ്റ്റ് ഹൗസുകളില്‍ ബുക്കിംഗ് വന്നിരുന്നുവെന്നും മന്ത്രി വിശദമാക്കുന്നു.

അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു. കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായി ഇതിലൂടെ സാധിച്ചു. ഇതിന്‍റെ ഭാഗമായി ഒരു വര്‍ഷക്കാലം കൊണ്ട് നാല്കോടിയോളം രൂപയാണ് പൊതുമരാമത്ത് വകുപ്പിന് നേടാനായതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്‍ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറായത്. റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ താമസ സൗകര്യം സ്വന്തമായുള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്താണുള്ളത്. ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റാനും പീപ്പിള്‍സ് റസ്റ്റ് ഹൗസ് പരിപാടിയുടെ ഉദ്ദേശ്യം. പദ്ധതിയോട് അനുബന്ധിച്ച് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കുമെന്ന് മുഹമ്മദ് റിയാസ് നേരത്തെ നിയമ സഭയെ അറിയിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകളില്‍ മന്ത്രി നടത്തിയ മിന്നല്‍ സന്ദര്‍ശനങ്ങള്‍ ചര്‍ച്ചയായിരുന്നു. 

മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് സാധാരണക്കാരില്‍ നിന്നുണ്ടായത്.