വി പി സിങ്ങിന്റെ ഭരണകാലത്ത് സിപിഐഎം നേതാക്കള്‍ എല്‍ കെ അദ്വാനിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചത് ഏത് കണക്കിലാണ് പെടുത്തുകയെന്ന് സി പി ജോൺ
കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട്ടെ മേയർക്കെതിരെ നടപടിയെടുത്ത സിപിഎമ്മിന്റെ നിലപാടിനെതിരെ പ്രതികരണവുമായി സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ജോണ്‍. മേയര്‍, എംഎല്‍എ, എംപി, മന്ത്രി എന്നിവരെയൊന്നും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേണ്ട കാര്യമില്ലെന്ന് സിപി ജോണ്‍ പറഞ്ഞു. ബാലഗോകുലം സംഘടിപ്പിച്ച മാതൃസംഗമം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റൈ നടപടി വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കില്‍ ഏത് യോഗത്തിനും പോകാം. ഇതിന്റെ പേരില്‍ മേയര്‍, എംഎല്‍എ, എംപി, മന്ത്രി എന്നിവരെയൊന്നും വിലക്കേണ്ട ആവശ്യമില്ലെന്നും സി പി ജോൺ പറഞ്ഞു. ചാത്തുണ്ണി മാസ്റ്റര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ എന്താണ് പറയുന്നത് എന്നതില്‍ മാത്രമേ കാര്യമുള്ളൂ. ചരിത്രം മറച്ചുവെക്കാന്‍ മേയറോട് കലഹിച്ചിട്ട് കാര്യമില്ല. ആര്‍എസ്എസിന് അധികാരത്തില്‍ വരാന്‍ അവസരം ഉണ്ടാക്കിയതില്‍ സിപിഐഎമ്മിന് മറ്റാരേക്കാളും പ്രധാന പങ്കുണ്ടെന്നും സി പി ജോൺ ആരോപിച്ചു.
മേയര്‍ പോയതിനെ വലിയ സംഭവമായാണ് നേതാക്കന്മാര്‍ പറയുന്നത്. വി പി സിങ്ങിന്റെ ഭരണകാലത്ത് സിപിഐഎം നേതാക്കള്‍ എല്‍ കെ അദ്വാനിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചത് ഏത് കണക്കിലാണ് പെടുത്തുകയെന്നും സി പി ജോണ്‍ ചോദിച്ചു. മേയർ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വിവാദമായതോടെ തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കാണിച്ച് സിപിഎമ്മിന് വിശദീകരണം നൽകിയിരുന്നു.
സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിൻ്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടപടിയെടുക്കാൻ സിപിഎം ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. സിപിഎം ജില്ലാ നേതൃത്വവും മേയറെ തള്ളി രംഗത്ത് എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത് മേയർ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ആദ്യം ബാലഗോഗുലം ആർഎസ്എസ് സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു മേയർ പ്രതികരിച്ചിരുന്നതെങ്കിൽ പിന്നീട് തെറ്റുപറ്റിയെന്ന് കാണിച്ച് സിപിഎമ്മിന് വിശദീകരണം നൽകുകയും ചെയ്തു.
പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് പരിപാടിയിൽ പറഞ്ഞിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശവും വിവാദത്തിലായത്.
അതേസമയം മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ പ്രതികരിച്ചു. ഇത്അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിക്കും.ന ഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത്. വ്യത്യസ്ഥ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സിപിഎമ്മും അതിനെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും മേയർക്ക് പൂർണ്ണ് പിന്തുണ നൽകുന്നുവെന്നും സജീവൻ പറഞ്ഞു.
Read More : 'ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശക്'; പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്
