Asianet News MalayalamAsianet News Malayalam

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍; പുതിയ നയത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ കൂടി അവസരം ഒരുക്കുന്ന പഠനത്തോടൊപ്പം തൊഴില്‍ ഒരു നയമായി അംഗീകരിച്ചു നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

cabinet decided to approved new policy for students
Author
Thiruvananthapuram, First Published Mar 4, 2020, 10:03 PM IST

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് വേണ്ട പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരെ ഈ കമ്മീഷന്‍റെ അധ്യക്ഷനായി നിയമിക്കും. മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഈ കമ്മീഷനില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ കൂടി അവസരം ഒരുക്കുന്ന പഠനത്തോടൊപ്പം തൊഴില്‍ ഒരു നയമായി അംഗീകരിച്ചു നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് ഇത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസം വരാതെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ഷം 90 ദിവസം തൊഴില്‍ ഉറപ്പാക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 18-നും 25-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. 

ഇതോടൊപ്പം കേരള പുനര്‍നിര്‍മ്മാണ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്കും മന്ത്രിസഭായോഗം അനുമതി നല്‍കി. പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം, ചമ്രവട്ടം  റഗുലേറ്റര്‍ കം ബ്രിഡ്‍ജിന്‍റെ അറ്റകുറ്റപ്പണി, കുട്ടനാട്ടിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തല്‍, മൃഗസംരക്ഷണമേഖലയിലെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് പ്രത്യേക പദ്ധതി, കേരള ചിക്കന് 63.11 കോടി വകയിരുത്തി.  പ്രളയസാധ്യതമേഖലയില്‍ കാലിത്തീറ്റ ഹബ് സ്ഥാപിക്കാന്‍ 5.4 കോടി വകയിരുത്തി, തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിമീ രോഡ് പുനര്‍നിര്‍മ്മിക്കാന്‍ 67.9 കോടി രൂപ വകയിരുത്തി. 

ഇന്നത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ വിശദമായി...

'പഠനത്തോടൊപ്പം തൊഴില്‍' നയമായി അംഗീകരിച്ചു - പാര്‍ട്ട്ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം

പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് 'പഠനത്തോടൊപ്പം തൊഴില്‍'.  ഇത്തരത്തില്‍ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.  പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ അവര്‍ക്ക് തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

മഴമറയ്ക്ക് 75 ശതമാനം സബ്സിഡി

പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12 ഇന പരിപാടിയിലുള്‍പ്പെട്ട 'മഴമറകള്‍' എന്ന പദ്ധതി കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകള്‍). 75 ശതമാനം സബ്സിഡി നല്‍കിക്കൊണ്ട് 'ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പച്ചക്കറിവികസന പദ്ധതിയിന്‍ കീഴില്‍ ഇത് നടപ്പാക്കും.  

വെണ്ട. വഴുതിന, ചീര, പയര്‍, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവര്‍ഗ്ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാന്‍ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റര്‍ മുതല്‍ 100 ചതുരശ്രമീറ്റര്‍ വരെ വിസ്തൃതിയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരള പുനര്‍നിര്‍മാണ പദ്ധതി

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ (ആര്‍.കെ.ഐ) ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്‍റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.

1. പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് 12.5 കോടി രൂപ.

2. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ.

3. കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികള്‍ - 42.6 കോടി രൂപ.

4. മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി രൂപ.

5. കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതി - 63.11 കോടി രൂപ.

6. പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.

7. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 67.9 കോടി രൂപ. 

പുനര്‍ഗേഹം പദ്ധതിക്ക് 200 കോടി. 

തീരദേശ മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

പോലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പോലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായ റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരെ ഈ കമ്മീഷന്‍റെ അധ്യക്ഷനായി നിയമിക്കും. മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഈ കമ്മീഷനില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും.

പോലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തവും സവിശേഷതകള്‍ ഉള്ളതുമാണ്. സുരക്ഷാ  കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പല പര്‍ച്ചേസുകളും പോലീസ് വകുപ്പിന് നടത്തേണ്ടിവരുന്നത്. നിലവിലെ ചട്ടങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നത് സുരക്ഷയുടെ കോണില്‍ നിന്ന് നോക്കുമ്പോള്‍ പലപ്പോഴും കാലതാമസം വരുത്തുന്നതാണ്. സി.ആന്‍റ് എജിയുടെ പരാമര്‍ശങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.

ടി.എസ്.പി പരിശോധിക്കാന്‍ കമ്മിറ്റി

സര്‍ക്കാര്‍ വകുപ്പുകളില്‍ പര്‍ച്ചേസുകള്‍ നടത്താനും സേവനകരാറുകള്‍ ഉറപ്പിക്കാനും ടോട്ടല്‍ സൊലുഷന്‍ പ്രൊവൈഡേഴ്സിനെ (ടിഎസ്പി) നിയോഗിക്കുന്ന രീതി സംബന്ധിച്ച് വിശദമായി പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്ന് സീനിയര്‍ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ധനകാര്യം, ആഭ്യന്തരം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി വകുപ്പിന്‍റെ സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ടിഎസ്പി രീതിയില്‍ പര്‍ച്ചേസുകള്‍ നടത്തുന്നതും സേവനകരാറുകള്‍ ഉറപ്പിക്കുന്നതും. കെല്‍ട്രോണ്‍, സിഡ്കോ എന്നീ സ്ഥാപനങ്ങള്‍ ടിഎസ്പിയായി പ്രവര്‍ത്തിച്ചിട്ടുള്ള കരാറുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചു.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് 26 കോടി

2018-ലെ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ബാക്കിയുള്ള 26 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന 205 തസ്തികകള്‍ റദ്ദാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഭവനനിര്‍മ്മാണ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2020 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

കിന്‍ഫ്രയിലെ ഓഫീസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന പിന്നോക്ക വികസന കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് ചക്രവര്‍ സമുദായത്തെ എസ്.ഇ.ബി.സി പട്ടികയില്‍ സക്രവര്‍ (കാവതി) സമുദായത്തോടൊപ്പം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഡിസൈന്‍ നയരേഖ രൂപീകരിക്കാന്‍ കമ്മിറ്റി

കേന്ദ്രസര്‍ക്കാരിന്‍റെ ഡിസൈന്‍ നയരേഖയുടെ പോരായ്മകളും കേരളത്തിന്‍റെ സവിശേഷതകളും പഠിച്ച് സംസ്ഥാനത്തിന് തനതായ ഡിസൈന്‍ നയരേഖ രൂപീകരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ കണ്‍വീനറായി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. തൊഴില്‍, തദ്ദേശസ്വയംഭരണം, ഐടി, പൊതുമരാമത്ത് വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും.

ഡിസൈനിങ്ങില്‍ വിദഗ്ധ പരിശീലനവും ഗവേഷണവും നടത്താന്‍ ഉതകുന്ന മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐടി വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. 2020-ല്‍ ആഗോളതലത്തിലുള്ള ഡിസൈന്‍ മേള കേരളത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഐടി വകുപ്പിനെ ചുമതലപ്പെടുത്തി.

മെത്രാന്‍ കായല്‍: ഉത്തരവ് റദ്ദാക്കി

കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ റക്കിന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിക്കൊണ്ട് 2016 മാര്‍ച്ച് 1 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു. ടൂറിസം പദ്ധതിക്ക്  നല്‍കാന്‍ തീരുമാനിച്ച സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

നിയമനങ്ങള്‍, മാറ്റങ്ങള്‍

സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. പിന്നോക്ക വികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി സെക്രട്ടറിയുടെയും സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ ആര്‍. ഗിരിജയെ സര്‍വ്വെ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും അധിക ചുമതല അവര്‍ വഹിക്കും.

സഹകരണ രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു.

രജിസ്ട്രേഷന്‍ ഐജി ഡോ. എ. അലക്സാണ്ടറിനെ സഹകരണ രജിസ്ട്രാറായി മാറ്റി നിമിക്കാന്‍ തീരുമാനിച്ചു.

ജിഎസ്ടി ജോയിന്‍റ് കമ്മീഷണര്‍ കെ. ഇമ്പാശേഖറിനെ രജിസ്ട്രേഷന്‍ ഐജിയായി മാറ്റി നിയമിക്കും.

ബി.എസ്.എന്‍.എല്ലിന്‍ നിന്നു റിട്ടയേര്‍ഡ് ചെയ്ത എസ്. ഹരികുമാറിനെ ധനകാര്യവകുപ്പില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറായി നിയമിക്കാന്‍ തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios