തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്തെ ശക്തമായ കടലാക്രമണവും  ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷൻക്കാരുടേയും ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ ധാരണമായി. റിലയന്‍സ് മുന്നോട്ട് വച്ച ഇന്‍ഷുറന്‍സ് പദ്ധതി അംഗീകരിച്ചാണ് ഇൻഷുറന്‍സ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. 

ഇതു കൂടാതെ ചീമേനി തുറന്ന ജയിലില്‍ കഴിയുന്ന എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നാല് തടവുകാരെ വിട്ടയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജയില്‍ ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടിയാവും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങുക.