തിരുവനന്തപുരം: പൊലീസ് ക്രമക്കേടിനെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് ചോർന്നതിൽ അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ചോർച്ചയെ കുറിച്ച് അന്വേഷണം നടത്തും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. റിപ്പോർട്ടും പൊലീസ് ആസ്ഥാന രേഖകളും ചോർന്നത് അന്വേഷിക്കും. സിഎജി റിപ്പോർട്ട് ചോർന്നതിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. 

സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോർന്നു കിട്ടിയെന്നായിരുന്നു സർക്കാരിന്‍റെ പ്രധാന ആക്ഷേപം. പൊലീസിനെ പ്രതികൂട്ടിലാക്കുന്ന പല ഇടപാടുകളുടേയും രേഖകളും പുറത്തുവന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് രേഖകള്‍ ചോർത്തിയെന്നാണ് സർക്കാരും ഡിജിപിയും സംശയിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ പരാതിയും ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.

ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ പൊലീസിന്‍റെ സഹായത്തോടെ അന്വേഷണം നടത്തും. രേഖകളുടെ ചോർച്ച അന്വേഷിക്കുന്നതിന്‍റെ ഭാഗമായി സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ പോലും സംഘത്തിന് പരിശോധിക്കാനാകും. ഈ രേഖകള്‍ പരിശോധിച്ചാകും നിഗമനത്തിലെത്തുക. ഔദ്യോഗിക രഹസ്യങ്ങള്‍ ചോർന്നിട്ടുണ്ടെങ്കിൽ കേസെടുക്കാനാണ് സർക്കാരിന്‍റെ നീക്കം. പൊലീസിലെ ക്രമക്കേടിലെ സിഎജിയിൽ ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം മാത്രമാണ് ഇതുവരെ നടന്നത്. സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യങ്ങൾ തള്ളിയതിന് പിന്നാലെയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം.

പൊലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനും എല്‍ഡിഎഫിനും ഓര്‍ക്കാപ്പുറത്തുള്ള അടിയായിയിരുന്നു. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ  2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാർക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിക്കാനാണ് പണം വകമാറ്റിയത്.  

എന്തായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ? വിശദമായി വായിക്കുക:

Read more at: 'ഉണ്ടകൾ എവിടെ? ഉത്തരമില്ല, കെൽട്രോൺ - പൊലീസ് അവിശുദ്ധ കൂട്ടുകെട്ട്': എണ്ണിപ്പറഞ്ഞ് സിഎജി