പവര്‍ പ്ലേയില്‍ തന്നെ 116 റണ്‍സടിച്ച് പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും തുടക്കത്തിലെ നയം വ്യക്തമാക്കി.

ദില്ലി: ഐപിഎല്ലില്‍ തൃശൂര്‍ പൂരത്തിനെ വെല്ലുന്ന വെടിക്കെട്ടിനൊടുവില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് പ‌ഞ്ചാബ് കിംഗ്സ്. കെ എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെയും നായകന്‍ ശ്രേയസ് അയ്യരുടെയും പ്രിയാന്‍ഷ് ആര്യയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ പഞ്ചാബ് 7 പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ചേസാണിത്. 2024ൽ കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് തന്നെ പിന്തുടര്‍ന്ന് ജയിച്ച 262 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ദില്ലിയില്‍ വഴിമാറിയത്.

പ്രഭ്‌സിമ്രാൻ 26 പന്തില്‍ 76 റൺസടിച്ചപ്പോള്‍ പ്രിയാന്‍ഷ് ആര്യം 17 പന്തില്‍ 43 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 36 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നെഹാല്‍ വധേര 15 പന്തില്‍ 25 റണ്‍സെടുത്തു. 10 പന്തില്‍ 19 റൺസെുത്ത ശശാങ്ക് സിംഗ് വിജയത്തില്‍ നായകന് കൂട്ടായി. രണ്ട് തവണ ശ്രേയസ് അയ്യര്‍ നല്‍കിയ അനായാസ ക്യാച്ചുകള്‍ കൈവിട്ട മലയാളി താരം കരുണ്‍ നായരുടെ പിഴവ് പഞ്ചാബിന്‍റെ ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ 13 പോയന്‍റുമായി പഞ്ചാബ് പ്ലേ ഓഫിനോട് ഒരു പടി കൂടി അടുത്തപ്പോള്‍ ഡല്‍ഹി ആറ് പോയന്‍റുമായി ആറാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 264-2, പഞ്ചാബ് കിംഗ്സ് 18.5 ഓവറില്‍ 265-4

പവര്‍ അടി

View post on Instagram

പവര്‍ പ്ലേയില്‍ തന്നെ 116 റണ്‍സടിച്ച് പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും തുടക്കത്തിലെ നയം വ്യക്തമാക്കി. അക്വിബ് നബിയെറിഞ്ഞ ആദ്യ ഓവറിൽ പ്രിയാന്‍ഷും പ്രഭ്‌സിമ്രാനും രണ്ട് സിക്സ് പറത്തി 15 റണ്‍സെടുത്തപ്പോള്‍ മുകേഷ് കുമാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് സിക്സും ഫോറും പറത്തി 21റണ്‍സ് അടിച്ചെടുത്തു. ഇതിനിടെ ലുങ്കിം എന്‍ഗിഡിക്ക് ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റത് ഡല്‍ഹിക്ക് തിരിച്ചടിയായി. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ മുകേഷ് കുമാറിന്‍റെ ആറ് പന്തുകളും പ്രഭ്‌സിമ്രാൻ ബൗണ്ടറി കടത്തി പഞ്ചാബിനെ 116 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ അക്ഷര്‍ പട്ടേല്‍ മടക്കി.

പിന്നാലെ പ്രഭ്‌സിമ്രാനെയും കൂപ്പര്‍ കൊണോലിയെയും(10 പന്തില്‍ 17) കുല്‍ദീപും പുറത്താക്കിയെങ്കിലും ശ്രേയസും നെഹാല്‍ വധേരയും ശ്രേയസും ചേര്‍ന്ന് പോരാട്ടം തുടര്‍ന്നു. പതിനഞ്ചാം ഓവറില്‍ നെഹാല്‍ വധേര പുറത്തായി. ഇതേ ഓവറില്‍ ശ്രേയസ് അയ്യര്‍ നല്‍കിയ ക്യാച്ച് കരുണ്‍ നായര്‍ ലോംഗ് ഓഫില്‍ അവിശ്വസനീയമായി കൈവിട്ടു. പതിനാറാം ഓവറിലും ശ്രേയസ് നല്‍കിയ ക്യാച്ച് കരുണ്‍ നായര്‍ ലോംഗ് ഓണില്‍ കൈവിട്ടു. ഇത് കളിയില്‍ നിര്‍ണായകമായി. എന്‍ഗിഡിയുടെ അസാന്നിധ്യം കൂടിയായതോടെ ഡല്‍ഹി പഞ്ചാബിന്‍റെ റണ്‍വേട്ട തടയാനാാകതെ തോല്‍വി സമ്മതിച്ചു. രണ്ടോവര്‍ പന്തെറിഞ്ഞ ഡല്‍ഹിയുടെ മുകേഷ് കുമാര്‍ 45 റണ്‍സ് വഴങ്ങിയപ്പോള്‍ അക്വിബ് നബി 41 റണ്‍സാണ് വിട്ടുകൊടുത്തത്.

View post on Instagram

നേരത്തെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കെ എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ചുറിയുടെയും നിതീഷ് റാണയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടത്തത്. 47 പന്തിൽ സെഞ്ചുറി തികച്ച രാഹുല്‍ 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്നു. 44 പന്തില്‍ 91 റണ്‍സടിച്ച നിതീഷ് റാണ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ രാഹുല്‍-നിതീഷ് റാണ സഖ്യം 95 പന്തില്‍ 220 റണ്‍സാണ് അടിച്ചു കൂട്ടിയത്. നേരത്തെ 6 പന്തില്‍ 12 റണ്‍സെടുത്തു നില്‍ക്കെ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് ബൗണ്ടറിയില്‍ ശശാങ്ക് സിംഗ് കൈവിട്ടതിന് പഞ്ചാബ് കനത്ത വില നല്‍കേണ്ടിവന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക