മാളയിൽ ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എസ്‍എഫ്ഐ പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കെഎസ്‍യു നേതാക്കള്‍ മര്‍ദിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

തൃശൂര്‍: മാളയിൽ ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കെഎസ്‌യു സംസ്ഥാന ട്രഷറർ സച്ചിൻ ടി പ്രദീപ്, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, എക്സിക്യൂട്ടീവ് അംഗം സുദേവ് എസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് കോടതിയിൽ നൽകിയ റിമാന്‍ഡ് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കലോത്സവ നടത്തിപ്പിലെ അപാകത ചോദ്യം ചെയ്തതിന് എസ്‍എഫ്ഐ പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കെഎസ്‍യു നേതാക്കള്‍ മര്‍ദിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒരു എസ്എഫ്ഐ മക്കളെയും പുറത്ത് വിടില്ലെന്നും ഇന്ന് നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളായ ഗോകുൽ ഗുരുവായൂർ,സച്ചിൻ പ്രദീപ്, സുദേവ് എന്നിവർക്കെതിരെ വധശ്രമമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽതല്ലിയ സംഭവത്തിൽ പരിക്കേറ്റ എസ്എഫ്ഐ നേതാക്കളായ ആശിഷ്, അഗ്നിവേഷ് എന്നിവരുടെ പരാതിയില്‍ അറസ്റ്റിലായ കെഎസ് യു നേതാക്കളെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവം നടന്നശേഷം ആലുവയിൽ ഒളിവിൽ പോയ മൂന്നുപേരെയും മാള പൊലീസ് പിടികൂടുകയായിരുന്നു.

 കെഎസ്‌യു നേതാക്കൾ സഞ്ചരിച്ചിരുന്ന ആംബുലൻസ് ആക്രമിച്ച സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊരട്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിനിടെ, അക്രമം നടന്നതിന് പിന്നാലെ ആംബുലൻസിൽ പുറത്തേക്ക് വന്ന കെഎസ്‌യു നേതാക്കൾ എടുത്ത സെൽഫി ഇടതു പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കി. കെഎസ്‌യുവിന്‍റെ സെന്‍റ് തോമസ് കോളേജ് മുൻ ചെയർമാൻ ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിലുള്ളത്. 

അക്രമിസംഘം രക്ഷപ്പെടാൻ ആംബുലൻസ് ഉപയോഗിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപണം. എന്നാൽ കെഎസ്‍യു ജില്ലാ അധ്യക്ഷനും സംഘവും സഞ്ചരിച്ച ആംബുലൻസിലല്ല സെൽഫിയെടുത്തത് എന്നാണ് കെഎസ്‍യു വിശദീകരിക്കുന്നത്. അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരൊരു ആംബുലന്‍സില്‍ പോകുന്നതിനിടെ എടുത്ത സെല്‍ഫിയെന്നാണ് വാദം. അതിനിടെ കസ്റ്റഡിയിൽ ആയ കെഎസ്‌യു പ്രവർത്തകരെ നിയമപരമായും രാഷ്ട്രീയമായും പിന്തുണയ്ക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കെഎസ്‍യു- എസ്എഫ്ഐ സംഘർഷം തലസ്ഥാനത്തേക്കും; മാർ ഇവാനിയോസ് കോളജിലെ കെഎസ്‍യു കൊടിമരം തകർത്തതായി പരാതി

ഡീ സോൺ കലോത്സവം: എസ്എഫ്ഐക്കാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ

YouTube video player