കാലിക്കറ്റ് സർവകലാശാലയിലെ സംഘർഷങ്ങളിൽ പ്രതികരിച്ച് വി സി ഡോ. പി രവീന്ദ്രൻ. അക്രമ രാഷ്ട്രീയം ക്യാമ്പസിന് വേണ്ടെന്നും ക്യാമ്പസിന് പുറത്ത് മതിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം.

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ പ്രതികരണവുമായി വി സി ഡോ. പി രവീന്ദ്രൻ. സർവകലാശാല വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതെന്നും അക്രമങ്ങൾ ആസൂത്രിതമാണെന്നും വി സി പറഞ്ഞു. ഈ പ്രശ്നം കാണുമ്പോൾ മനസ്സിന് വേദനയുണ്ടാക്കുന്നു. സംഘർഷവും അക്രമവും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അക്രമ രാഷ്ട്രീയം ആണെങ്കിൽ അത് ക്യാമ്പസിന് വേണ്ടെന്നും വി സി ഡോ. പി രവീന്ദ്രൻ പറഞ്ഞു.

അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും. അക്രമ രാഷ്ട്രീയം ക്യാമ്പസിന് പുറത്ത്. അക്രമമില്ലാതെ രാഷ്ട്രീയം നടത്താൻ പറ്റില്ലെങ്കിൽ ക്യാമ്പസിൽ രാഷ്ട്രീയം വേണ്ട. അക്രമങ്ങളെ ഒരുരീതിയിലും വെച്ചുപൊറുപ്പിക്കാൻ പറ്റില്ല. സർവകലാശാല ഉന്നതതല സമിതിയെ അന്വേഷണത്തിന് വെച്ചിട്ടുണ്ട്. അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ഒരാഴ്ച കൊണ്ട് ലഭിക്കുമെന്നും വി സി അറിയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പുറത്ത് നിന്ന് തന്നെ സംഘർഷം തുടങ്ങിയിരിക്കാമെന്നും കല്ലുകളും ആയുധങ്ങളും നേരത്തെ സജ്ജമാക്കിയത് ആയിരിക്കാമെന്നും വി സി പറഞ്ഞു. ഒരു പത്രപ്രവർത്തകൻ ഈ സംഘർഷത്തിൻ്റെ ഭാഗമായി ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി. 850 പൊലീസുകാരെ തെരഞ്ഞെടുപ്പിന് വേണ്ടി വെച്ചിരുന്നു. ഇങ്ങനെ ആണ് തെരഞ്ഞെടുപ്പ് എങ്കിൽ തെരഞ്ഞെടുപ്പ് ഇല്ലാതിരിക്കുന്നതാണ് നല്ലത്. അക്രമവും അസഹിഷ്ണുതയും ആണെങ്കിൽ പിന്നെന്തിനാണ് രാഷ്ട്രീയം. സർവകലാശാല ക്യാമ്പസിൽ നിന്ന് അല്ലാത്തവരും സംഘർഷത്തിന് ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്, അത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. അനാവശ്യ പ്രസ്താവനകൾ നടത്തി ഒരു ഭാഗത്ത് നിന്നും ഈ സംഭവത്തിന് ഊർജം നൽകരുതെന്നും വി സി ആവശ്യപ്പെട്ടു.

YouTube video player

രാഷ്ട്രീയക്കാർ പറയുന്നതിന് പ്രതികരിക്കാനില്ലെന്ന് ഡോ. പി രവീന്ദ്രൻ പറഞ്ഞു. വി സിക്ക് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് പി രവീന്ദ്രൻ്റെ പ്രതികരണം. ക്യാമ്പസുകളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലാതാക്കുക എന്നത് നേതാക്കളുടെ കൂടി ഉത്തരവാദിത്തമാണെന്നും വി സി പറഞ്ഞു.