തിരുത തോമ എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കെ വി തോമസ്. ഈ വിളിയിലൂടെ രമേശ്‌ ചെന്നിത്തല അപമാനിച്ചത് മത്സ്യതൊഴിലാളി സമൂഹത്തെയാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയുടെ മനസ്സിൽ ജാതിബോധം ഇപ്പോഴുമുണ്ടെന്നും ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും കെ വി തോമസ് പറഞ്ഞു.

കൊച്ചി: തിരുത തോമ എന്ന് വിളിക്കുന്നതിൽ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആ വിളി കേൾക്കുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. തന്നെ അല്ല മത്സ്യതൊഴിലാളികളെ ആണ് രമേശ്‌ ചെന്നിത്തല അപമാനിച്ചതെന്ന് കെ വി തോമസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തലപ്പാവ് കെട്ടി നടക്കുന്നയാളുടെ പുച്ഛത്തിന് മത്സ്യത്തൊഴിലാളികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഇന്നലെ എറണാകുളം ഫിഷ് മാർക്കറ്റിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തിയ രമേശ്‌ ചെന്നിത്തല കച്ചവടക്കാരോട് തോമസ് മാഷിന്റെ തിരുത എവിടെ എന്ന് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനോടാണ് കെ വി തോമസിന്‍റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

തിരുത തോമ വിളി തുടങ്ങി വച്ചത് കോണ്‍ഗ്രസുകാരാണെന്ന് കെ വി തോമസ് പറഞ്ഞു. ആദ്യം പറഞ്ഞത് കരുണാകരന് തിരുത കൊടുത്തു എന്നാണ്. പിന്നെയത് മാറി സോണിയാ ഗാന്ധിക്ക് കൊടുത്തു എന്നായി. താൻ രാഷ്ട്രീയ തീരുമാനം എടുത്തതിന് തന്നെ കുറ്റപ്പെടുത്താം. മത്സ്യത്തൊഴിലാളികളെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? ഈ വിഭാഗം കോണ്‍ഗ്രസിനോടും ചെന്നിത്തലയോടുമൊക്കെ എന്തുതെറ്റു ചെയ്തുവെന്നും കെ വി തോമസ് ചോദിക്കുന്നു. 

കെ വി തോമസിന്‍റെ കുറിപ്പ്

"ചെന്നിത്തല മത്സ്യതൊഴിലാളികളെ അപമാനിക്കുന്നു. പ്രളയ ദുരന്ത നാളുകളിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് കേരളത്തെ രക്ഷിച്ച നമ്മുടെ മത്സ്യതൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് രമേശ് ചെന്നിത്തല നടത്തിയിരിക്കുന്നത്. ഞാൻ തന്നെ മത്സ്യതൊഴിലാളി വിഭാഗത്തിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് തന്നെ “തിരുതത്തോമ” എന്ന് വിളിച്ചതിനെ ഞാൻ വ്യക്തിപരമായി അപമാനമായി കാണുന്നില്ല. പക്ഷേ, അതിലൂടെ ഒരു മുഴുവൻ സമൂഹത്തെ താഴ്ത്തിക്കാണിക്കുന്ന മനോഭാവമാണ് പുറത്തുവന്നിരിക്കുന്നത്. മത്സ്യതൊഴിലാളികൾ അധമരാണെന്ന് കരുതുന്ന ഒരു ജാതിബോധം അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകൾ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ കുപ്പായം തയ്ച്ചുവെച്ച ഒരാളിൽ നിന്നാണ് ഇത്തരമൊരു സാമൂഹിക അവഹേളനം വരുന്നത് എന്നത് ദൗർഭാഗ്യകരമാണ്. നാനാത്വത്തിൽ ഏകത്വം വിശ്വസിക്കുന്ന മതനിരപേക്ഷ കേരളം ഇത്തരം മനോഭാവങ്ങളെ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ല. ജനങ്ങളെ അപമാനിക്കുന്നവർക്കുള്ള മറുപടി ജനാധിപത്യ വഴിയിലൂടെ തന്നെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നൽകും.

YouTube video player