Asianet News MalayalamAsianet News Malayalam

കാനഡയിൽ മലയാളി യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ? മുങ്ങിയത് ഒന്നര കോടി രൂപയുമായി

ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്

Canada dona murder case Lal K Paulose in India doubts police
Author
First Published May 26, 2024, 6:46 AM IST

ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞതെന്നും ഇയാൾ ദില്ലിയിൽ വിമാനമിറങ്ങിയെന്നും വിവരമുണ്ട്.

പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. എന്നാൽ കാനഡയിൽ നടന്ന കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ലാൽ കെ പൗലോസിനെ ഇനിയും കാനഡയിലെ പൊലീസ് സംഘത്തിന് കണ്ടെത്തായിട്ടില്ല. മെയ് ഏഴിന് ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയില്‍ അയച്ചിരുന്നു. 

കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്. ഒരുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതശരീരത്തിന്. ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോണയുടേത് കൊലപാതകമെന്ന് കാന‍ഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. 

ഡോണയുടെ അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞത്. ലാല്‍ ദില്ലിയില്‍ വിമാനമിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലാലിന്‍റെ പാസ് പോര്‍ട്ടിന്‍റെ കാലാവധി 19 ന് കഴിഞ്ഞിരുന്നു. ഇയാൾ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോര്‍ട്ടില്‍ നാടുവിടുകയോ ചെയ്യുമെന്നാണ് ഡോണയുടെ ബന്ധുക്കളുടെ സംശയം. ലാല്‍ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തില്‍ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios