നെയ്യാറ്റിന്‍കര:  കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതർ.  മകൾ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികൾ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ വീണ്ടും ആരോപണവുമായി ഗൃഹനാഥനെത്തിയിരുന്നു. തന്‍റെ മകൾ വൈഷ്ണവി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് ചന്ദ്രൻ പറ‌‌ഞ്ഞു. വായ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങിയിരുന്നു. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍  കാനറാ ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രൻറെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടർറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികള്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതറുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്.