പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ല. നിതിൻ ഫോൺ ഏൽപ്പിച്ചു പോയി എന്ന് പറയുന്നത് ശരിയല്ല. നിതിൻ്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചു വച്ചതാണെന്നും അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവൻ അപ്പോൾ തങ്ങളെ വിളിക്കുമായിരുന്നുവെന്നും കുടുംബം പറഞ്ഞു.
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കുടുംബം. പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ല. നിതിൻ ഫോൺ ഏൽപ്പിച്ചു പോയി എന്ന് പറയുന്നത് ശരിയല്ല. നിതിൻ്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചു വച്ചതാണെന്നും അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവൻ അപ്പോൾ തങ്ങളെ വിളിക്കുമായിരുന്നുവെന്നും കുടുംബം പറഞ്ഞു. അതേസമയം അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണമായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ചു. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു.ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ സംഘ തലവൻ.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.


