അഭ്യാസ പ്രകടനത്തിനിടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അത് വഴി വന്ന കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ യുവാക്കൾ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊല്ലം: കൊല്ലം വലിയഴീക്കൽ പാലത്തിൽ ബൈക്കിലെത്തിയ യുവാക്കൾ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി. നാല് പേരടങ്ങിയ സംഘമാണ് റേസിംഗ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അത് വഴി വന്ന കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ യുവാക്കൾ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തിൽ ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി. ഒരു ബൈക്ക് എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, പാലക്കാട് ചിറ്റൂരിൽ ബസ്സിന് മുന്നിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്കൂട്ടർ ഉടമയ്ക്കും ഓടിച്ചയാൾക്കും മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. വാഹനമോടിച്ചയാള്‍ക്കെിരെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും കേസെടുത്തിട്ടുണ്ട്. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്കൂട്ടര്‍ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്.
വാളറ സ്വദേശി അനിതയുടെ പേരിലുള്ളതാണ് സ്കൂട്ടർ. അനിതയുടെ അച്ഛനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അച്ഛന്‍ ചെന്താമരയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്‍ക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്ക്ക് 5000 രൂപയും ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ചതിന് 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഞായറാഴ്ച വാളറയലാണ് തൃശ്ശൂരിൽ നിന്ന് കൊഴിഞ്ഞാമ്പറയ്ക്ക് പോകുന്ന ബസ്സിന് മുന്നിലൂടെ അപകരമാംവിധം വാഹനം ഓടിച്ചത്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.
ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, 2 ദിവസം സാമൂഹ്യസേവനം
ഇടുക്കിയില്‍ ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.
ഇടുക്കി രാജമുടി മാർ സ്ലീവ കോളജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികളാണ് ഇവര്‍. ജോയൽ വി ജോമോൻ , ആൽബിൻ ഷാജി, അഖിൽ ബാബു , എജിൽ ജോസഫ് ,ആൽബിൻ ആൻറണി എന്നിവർക്കാണ് ശിക്ഷ. വാഹനം ഓടിച്ച ജോയൽ വി ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നൽകി.
