12 കോണ്‍ഗ്രസ്സ് അനുകൂല സമൂഹമാധ്യമങ്ങളുടെ അഡ്മിന്‍മാര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

കോഴിക്കോട്: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്.യു പ്രവര്‍ത്തകന്‍റെ കഴുത്ത് മുറിക്കിയ ഡിസിപിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പന്ത്രണ്ട് സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.മനുഷ്യത്വരഹിതമായി വിദ്യാര്‍ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച ഡിസിപിക്കെതിരെ നടപടി എടുക്കാതെ സംഭവത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ്സെടുത്ത നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്

12 കോണ്‍ഗ്രസ്സ് അനുകൂല സമൂഹമാധ്യമങ്ങളുടെ അഡ്മിന്‍മാര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഐ.പി.സി 153, 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ്. കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ഈ വകുപ്പുകള്‍.നവകേരള സദസ് കോഴിക്കോട് നടന്ന നവംമ്പര്‍ 25 നാണ് എരഞ്ഞിപ്പാലത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് - കെഎസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് . ഇത് തടയുന്നതിനിടെയാണ് ഡിസിപി കെ.ഇ ബൈജു കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്‍റണിയുടെ കഴുത്തില്‍ കൈമുറുക്കിയത്.ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ്സ് അനുകൂല സമൂഹ മാധ്യമങ്ങളില്‍ ഡിസിപിക്കെതിരെ വധഭീഷണിയും മോശം പരാമര്‍ശങ്ങളും ഉണ്ടായി.സംസ്ഥാന സൈബര്‍ സെക്യൂരിട്ടി ഹൈട്ടെക്ക് സെല്ലിന്‍റെ പരാതിയില്‍ ഡിജിപിയാണ് കേസ്സെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.തുടര്‍ന്നാണ് നടക്കാവ് പൊലീസ് കേസ്സ് എടുത്തത്. 12 അക്കൗണ്ടുകളെ കുറിച്ച് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി

കെ.എസ്.യു പ്രവര്‍ത്തകന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ച ഡിസിപിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാറും തുടക്കം മുതലേ സ്വീകരിച്ചതെന്ന പരാതിയാണ് കോണ്‍ഗ്രസ്സിനും കെ.എസ്.യുവിന് ഉള്ളത്. ഇത് സാധൂകരിക്കുന്നതാണ് പൊലീസിന്‍റെ പുതിയ നടപടി.കഴുത്തില്‍ കുത്തിപ്പിടിച്ച ഡിസിപിക്ക് സംരക്ഷണം ,അതിനെ വിമര്‍ശിച്ചവര്‍ക്കെതെരെ കേസ്സ് എന്ന നിലപാടിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരിക്കുകയാണ് കെഎസ്.യു. കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.ഡിസിപി കെ.ഇ ബൈജു നിലവില്‍ മലപ്പുറത്താണ് ജോലിചെയ്യുന്നത്.