Asianet News MalayalamAsianet News Malayalam

രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്ക് എതിരെ കേസ്

പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് എറണാകുളം കളക്ടർ എസ് സുഹാസ്.

case against crowd gathered in kochi airport welcome reality show candidate rajith kumar
Author
Kochi, First Published Mar 16, 2020, 7:47 AM IST

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ ഡോ. രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല് പേർ ഉള്‍പ്പടെ 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് രജിത് കുമാറിന് അരാധകർ സ്വീകരണം ഒരുക്കിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു സ്വകീരണം. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേസെടുക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി. രജിത് കുമാർ, ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന എഴുപത്തിയഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

അന്യാമായി സംഘം ചേരൽ, സർക്കർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിക്കൽ, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം എന്നങ്ങനെ അഞ്ചുവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൻറെ 500 മീറ്റർ പരിധിയിൽ പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന നിയമവും ലഘിച്ചിട്ടുണ്ട്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലെ ടെർമിനലിലും വ്യൂയിംഗ് ഗ്യാലറിയലും സന്ദർശകർക്ക് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. കേസെടുക്കാൻ നിർദ്ദേശം നൽകിയ ജില്ലാ കളക്ടർ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

Also Read: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജിത് കുമാര്‍ കേരളത്തില്‍

കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു ടിവി ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്ത് ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്ക് കഴിയില്ല. പേരറിയാവുന്ന നാല് പേരും, കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക് കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്‍റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

Follow Us:
Download App:
  • android
  • ios