ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കഴിഞ്ഞ ദിവസം പുറത്തായ രജിത് കുമാര്‍ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തില്‍ രാത്രി ഒന്‍പത് മണിയോടെയാണ് ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ രജിത് എത്തിയത്. ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ വിമാനത്താവളത്തില്‍ ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആള്‍ക്കൂട്ടം കൊണ്ട് നിറഞ്ഞു. അവരെ നിയന്ത്രിക്കാന്‍ അധികൃതരും പൊലീസും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു.

അതേസമയം കൊവിഡ് 19 മുന്‍കരുതലുകള്‍ വകവെക്കാതെ വിമാനത്താവളം പോലെ ഒരു സ്ഥലത്ത് ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലവിലിരിക്കെ ഇത്രയധികം പേര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയതാണ് വിമര്‍ശിക്കപ്പെടുന്നത്.

ശനിയാഴ്ച എപ്പിസോഡിലാണ് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വാരത്തിലെ വീക്ക്‌ലി ടാസ്‌കിനിടെ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത്തിനെ ബിഗ് ബോസ് അപ്പോള്‍ത്തന്നെ ഷോയില്‍നിന്ന് താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം മോഹന്‍ലാല്‍ അവതരിപ്പിച്ച ശനിയാഴ്ച എപ്പിസോഡില്‍ രേഷ്മയോട് ചര്‍ച്ച ചെയ്തശേഷം മോഹന്‍ലാല്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.